പുത്തൂർവയലിൽ വയനാട് വിത്തുത്സവത്തിനു നാളെ തുടക്കം
1509244
Wednesday, January 29, 2025 5:57 AM IST
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയത്തിൽ ഒന്‍പതാമത് വിത്തുത്സവം നാളെ മുതൽ ഫെബ്രുവരി ഒന്നു വരെ നടത്തും. ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
നബാർഡ്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ, കേരള ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിൽ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് യൂണിറ്റ്, കമുക്, സുഗന്ധ വ്യഞ്ജന ബോർഡ്, ഡൈവേഴ്സിഫാം, ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവയുടെ സഹകരണം ഉണ്ടാകും.
വിത്തുത്സവം ഉദ്ഘാടനം നാളെ രാവിലെ 11ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കുമെന്ന് ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയം ഡയറക്ടർ ഡോ.വി. ഷക്കീല, സയന്റിസ്റ്റ് ജോസഫ് ജോൺ, ആദിവാസി വികസന സമിതി പ്രസിഡന്റ് എ. ദേവകി,
കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യം, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ പ്രതിനിധി പി.ബി. സനീഷ്, ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി പ്രസിഡന്റ് ടി.സി. ജോസഫ്, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ പി.ആർ. ശ്രീരാജ്, സീഡ് കെയർ പ്രസിഡന്റ് വി.കെ. കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിത്ത്-വിള വൈവിധ്യം സംരക്ഷിക്കുകയും തനത് ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പട്ടികവർഗ കർഷകർക്ക് നൽകിവരുന്ന മൂന്ന് ജീനോം സേവ്യർ പുരസ്കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും ചടങ്ങിൽ നടത്തും. ടി. സിദ്ദിഖ് എംഎൽഎ, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുനിസിപ്പൽ ചെയർ ചെയർമാൻ ടി.ജെ. ഐസക് എന്നിവർ പ്രസംഗിക്കും.
വിത്തുപുര ഉദ്ഘാടനം രാവിലെ 10ന് പദ്മശ്രീ ചെറുവയൽ രാമൻ നിർവഹിക്കും. 50ൽ അധികം പ്രദർശന സ്റ്റാളുകൾ, മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവ ഉത്സവ നഗരിയിൽ ഉണ്ടാകും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് മത്സരം സംഘടിപ്പിക്കും. ’വിത്ത് സംരക്ഷണവും കർഷകരുടെ അവകാശങ്ങളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും. പ്രമുഖ വ്യക്തികൾ സെമിനാറിൽ പങ്കെടുത്ത് കർഷകരുമായി സംവദിക്കും.