അന്വേഷണം സ്വാഗതം ചെയ്യുന്നു: പൂതാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ
1509249
Wednesday, January 29, 2025 5:57 AM IST
പുൽപ്പള്ളി: പൂതാടി സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പിന്റെ 66(1) അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽതന്നെ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന പൂതാടി ബാങ്കിനോട് ശത്രുതാ മനോഭാവമാണ് സഹകരണ വകുപ്പിന്റെ തലപ്പത്തുള്ളവർ വച്ചുപുലർത്തുന്നത്.
1987ൽ സിപിഎം ഭരണത്തെ പുറത്താക്കിയാണ് കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണി അധികാരത്തിൽവന്നത്. അന്ന് രണ്ട് കോടി രൂപയായിരുന്ന നിക്ഷേപം ഇന്ന് 82 കോടി രൂപയാണ്. ഹെഡ് ഓഫീസും നാല് ബ്രാഞ്ചുകളും വളം ഡിപ്പോയും നീതി സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്.
സഹകരണ വകുപ്പ് അനുവദിച്ച് തന്ന നിയമപ്രകാരമുള്ള തസ്തികകളിൽ മാത്രമേ നിയമനം നടത്തിയിട്ടുള്ളു. പത്ത് വർഷം മുന്പ് ഒരു ഡിഐസി പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സഹകരണ വിജിലൻസ് സെല്ലും സഹകരണ വകുപ്പും പോലീസ് വിജിലൻസും ഇതിന് മുന്പ് അന്വേഷണം നടത്തിയിട്ടും ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രവർത്തനത്തിന് സഹകരണ വകുപ്പിന്റെ അവാർഡ് ലഭിച്ച ബാങ്കാണിത്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ വേട്ടയാടുന്ന പോലീസും സഹകരണ വകുപ്പും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ ചെയർമാനായിരുന്ന പി. കൃഷ്ണപ്രസാദിനെ എന്താണ് ചോദ്യം ചെയ്യാത്തതെന്ന് വ്യക്തമാക്കണം.
ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയവർ ആത്മഹത്യാ മുനന്പിലാണ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ കരിതേച്ച് കാണിച്ച് അടുത്തതവണ ബത്തേരി നിയോജക മണ്ഡലം പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.