മലയോര ജനത ഒറ്റയ്ക്കല്ല, യുഡിഎഫ് ഒപ്പമുണ്ട്: വി.ഡി. സതീശൻ
1509246
Wednesday, January 29, 2025 5:57 AM IST
മലയോര സമര യാത്ര ജില്ലയിൽ പര്യടനം നടത്തി
മാനന്തവാടി: വന്യമൃഗ ശല്യത്താൽ പകച്ചു നിൽക്കുന്ന മലയോര ജനത ഒറ്റയ്ക്കല്ല, യുഡിഎഫ് ഒപ്പമുണ്ടെന്നും ഈ ദുർഭരണം അവസാനിക്കാൻ ഇനി ഏറെ കാത്തു നിൽക്കേണ്ടി വരില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലയോര സമര യാത്രയ്ക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ പരന്പരാഗത രിതിയിലെ വന്യമൃഗ പ്രതിരോധ മാർഗം നടപ്പാക്കുന്നതിൽ സർക്കാർ ഒരു രൂപ പോലും ചെലവഴിക്കുന്നില്ലേയെന്നും മലയോര മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ ഈ സർക്കാരിന് കഴിയില്ലേന്നും ഈ കാലം കഴിയാറായി എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മാനന്തവാടിയിൽ ഉച്ചയ്ക്ക് 12ഓടെ എത്തിയ യാത്രയെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുയോഗം എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ജാഥയിൽ എംഎൽഎമാരായ മോണ്‍സ് ജോസഫ്, സണ്ണി ജോസഫ്, എം.പി. വിൻസെന്റ്, സിഎംപി നേതാവ് സി.പി. ജോണ്‍, ജെ.എസ്എസ് നേതാവ് രാജൻ ബാബു, കേരളാ കോണ്‍ഗ്രസ് നേതാവ് എം.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.