കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധിച്ചു
1508996
Tuesday, January 28, 2025 7:52 AM IST
മൂലങ്കാവ്: അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്പോഴും ശാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന നയങ്ങൾക്കെതിരേ കത്തോലിക്കാ കോണ്ഗ്രസ് മൂലങ്കാവ് യൂണിറ്റ് പ്രതിഷേധിച്ചു.
നിത്യവൃത്തിക്കായി ഉപജീവനമാർഗം തേടി കാപ്പി പറിക്കാൻപോയ രാധ എന്ന വീട്ടമ്മ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ ആയി. തെരച്ചിലിനു പോയ ആർആർടി സംഘാംഗത്തിന് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. കന്പളക്കാട് ടൗണിനടുത്ത വീട്ടുമുറ്റത്ത് കാട്ടുപോത്ത് എത്തി.
മനുഷ്യനും മൃഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിട്ടല്ല ഇവിടെ ജീവനുകൾ നഷ്ടപ്പെടുന്നത്. വന്യജീവികൾ മനുഷ്യന്റെ ജീവന് അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തുകയും അപകടകരമായ വിധത്തിൽ എണ്ണം പെരുകുന്ന മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന നയങ്ങൾ സ്വീകരിച്ചെങ്കിൽ മാത്രമേ ഇവിടെ മനുഷ്യജീവിതം സാധ്യമാവുകയുള്ളൂ.
വന നിയമങ്ങൾ പൊളിച്ചെഴുതുകയും മനുഷ്യജീവിതം സാധ്യമാകുന്ന തരത്തിൽ ജനങ്ങൾക്ക് വനംവകുപ്പ് സുരക്ഷ ഒരുക്കുകയും ചെയ്യണമെന്ന് കത്തോലിക്ക കോണ്ഗ്രസ് മൂലങ്കാവ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഫാ. അനീഷ് കാട്ടാൻകോട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ അപ്പോഴിപറന്പിൽ, ബാബു കുന്നത്തേട്ട്, തോമസ് പട്ടമന, തോമസ് വളയംപള്ളി, ജോസ് പാലാട്ടി, മോളി മാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.