ചരിത്രം സംരക്ഷിക്കണം: വി.കെ. സന്തോഷ്കുമാർ
1479841
Sunday, November 17, 2024 7:16 AM IST
പനമരം: വീര കേരളവർമ പഴശിരാജാ, എടച്ചന കുങ്കൻ, തലക്കര ചന്തു അടക്കം ധീരദേശാഭിമാനികൾ ജീവിതംകൊണ്ട് എഴുതിച്ചേർത്ത വയനാടിന്റെ പോരാട്ടചരിത്രം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമ സമിതി സെക്രട്ടറി വി.കെ. സന്തോഷ്കുമാർ.
തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ 219-ാമത് തലക്കര ചന്തു അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരാരേഖകളും ചരിത്രവും ജനപിന്തുണയും ഏറെയുണ്ടായിട്ടും തലക്കര ചന്തു ഉൾപ്പെടെയുള്ളവർക്ക് സ്മാരകം പണിയാത്തത് ദൗർഭാഗ്യകരമാണ്.
ദേശീയ മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിന് വേഗം കൂട്ടണം. തലക്കര ചന്തു പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ല പോരാടിയത്.
നാടിന്റെ മോചനത്തിനുവേണ്ടിയാണ് കാടിന്റെ മക്കളെ കൂട്ടി പട നയിച്ചത്. നാടിനുവേണ്ടി പോരാടിയവരെ വിസ്മരിക്കുന്നതും അവഗണിക്കുന്നതും അനുചിതമാണെന്നും സന്തോഷ്കുമാർ പറഞ്ഞു. പൈതൃക സമിതി പ്രസിഡന്റ് എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരിമാരായ പള്ളിയറ രാമൻ, കെ.സി. പൈതൽ എന്നിവർ പ്രസംഗിച്ചു. തലക്കര ചന്തുവിന്റെ ജീവിതം ആസ്പദമാക്കി "ആരണ്യപർവം’ നാടകം ഒരുക്കിയ ശശിനാരായണനെ ആദരിച്ചു.
പൈതൃക സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം. വിനോദ് സ്വാഗതവും എ. ഗണേശൻ നന്ദിയും പറഞ്ഞു. തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ വനിതാ കമ്മീഷൻ മുൻ അംഗം രുക്മിണി ഭാസ്കരൻ, എം. രജീഷ്, ടി. സുബ്ബറാവു, സി.കെ. ബാലകൃഷ്ണൻ, ശ്രീലേഷ്, ആർ.കെ. അനിൽ, പള്ളിയറ മുകുന്ദൻ, കേശവൻ കണിയാംകൊല്ലി, പി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.