സിപിഐ-എംഎൽ റെഡ്സ്റ്റാർ ഹാരിസണ്‍സ് ഓഫീസ് മാർച്ചും ധർണയും നടത്തി
1479844
Sunday, November 17, 2024 7:16 AM IST
കൽപ്പറ്റ: സിപിഐ(എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാരിസണ്‍സ് മലയാളം കന്പനിയുടെ അരപ്പറ്റ ഡിവിഷൻ ഓഫീസ് മാർച്ചും ധർണയും നടത്തി.
ഭൂമി സർക്കാർ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനേതിരേ ഹൈക്കോടതിയിൽ ഹർജി നൽകി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ഹാരിസണ്‍സ് കന്പനി മാനേജ്മെന്റ് തടസം നിൽക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ഹാരിസണ്‍സ് കന്പനി ഉൾപ്പെടെ വൻകിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള മുഴുവൻ ഭൂമിയും സർക്കാർ പിടിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് അപലപനീയമാണെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. സിപിഐ(എംഎൽ) ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം പി.എൻ. പ്രൊവിന്റ്, സംസ്ഥാന കമ്മിറ്റി അംഗം വി.എ. ബാലകൃഷ്ണൻ, എഐആർഡബ്ല്യുഒ കേന്ദ്ര കമ്മിറ്റി അംഗം എ.എം. സ്മിത എന്നിവർ പ്രസംഗിച്ചു. ടിയുസിഐ കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ സിന്ധു കെ. ശിവൻ സ്വാഗതം പറഞ്ഞു. എ.ജെ. ഷീബ, കെ. ബാബുരാജ്, എ.എം. അഖിൽകുമാർ, എൻ.ഡി. വേണു, പി.എം. ജോർജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനാന്ദ്, എം.കെ. ഷിബു, സി.ജെ. ജോണ്സണ്, കെ. പ്രേംനാഥ് എന്നിവർ നേതൃത്വം നൽകി.