ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു
1479840
Sunday, November 17, 2024 7:15 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേന പ്രവർത്തകർക്ക് ബൂട്ടുകൾനൽകി.
ഗ്രാമ നഗരപ്രദേശങ്ങളിലെ മാലിന്യനിവാരണ പ്രവർത്തനങ്ങളിലൂടെ നാട്ടിൽ ശുചിത്വം ഉറപ്പുവരുത്തുകയും ദുരന്തമേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങളെയും കണക്കിലെടുത്തുള്ള ആദരവിന്റെ ഭാഗമായാണ് വിതരണം നടത്തിയത്.
ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളെ കുറയ്ക്കുന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനമാണ് മാലിന്യനിർമാർജനവും ഗ്രാമ നഗരസൗന്ദര്യവത്കരണവും എന്ന പരിപാടി ഉദ്ഘാടനം ചെയ്ത ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേശ് അഭിപ്രായപ്പെട്ടു.
കരുണയുടെ ചേർത്തുപിടിക്കലിന്റെ മുഖമാണ് ശ്രേയസിനുള്ളത്. സാമൂഹിക സേവന രംഗത്ത് ഉദാത്തമായ സംഭാവനകൾ നൽകുന്ന മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങൾ വെള്ളപ്പൊക്കം മേഖലകളിൽ നടത്തിയ ശ്രേയസിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിലും ഹരിതകർമസേനയുടെ പങ്ക് വളരെ വലുതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ഹൗസത്, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, ശ്യാമിലാ ജുനൈസ്, സഹദേവൻ, കെ.വി. ഷാജി, ശ്രേയസ് പ്രോജക്ട് മാനേജർ കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു.