മഠാപ്പറന്പ് വനത്തിലേക്ക് പ്രവേശനം നിരോധിച്ച് വനം വകുപ്പ്
1480079
Monday, November 18, 2024 6:56 AM IST
പുൽപ്പള്ളി: ചെതലയം റേഞ്ചിലെ മഠാപ്പറന്പ് വനമേഖലയിലേക്ക് സഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചു. വനമേഖല കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെയാണ് വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
കോളറാട്ടുകുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും കാവലിന് ഗേറ്റിൽ ആളെ നിയമിക്കുകയും ചെയ്തു. വിലക്കു ലംഘിച്ച് വനത്തിൽ കയറുന്നവരുടെ പേരിൽ നടപടിയുണ്ടാകുമെന്നായതോടെ ആളുകൾ നിരാശരായി മടങ്ങുകയാണ്. ഇവിടെ വിനോദ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ആന, കടുവ എന്നിവയുടെ സാന്നിധ്യം പ്രദേശത്തുണ്ട്.
സഞ്ചാരികളായെത്തുന്നവർ വനത്തിൽ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നതും മയക്കുമരുന്ന് ഉപയോഗവും അപകട സാധ്യത കണക്കിലെടുക്കാതെ വിദ്യാർഥികൾ വനത്തിലൂടെ ചുറ്റിത്തിരിഞ്ഞതും വനപാലകർ കണ്ടെത്തിയിരുന്നു. മഠാപ്പറന്പിലെ മനോഹരമായ വനപാതയും കുറ്റൻപൊട്ടു താന്നിമരവും കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നു സഞ്ചാരികൾ എത്തി തുടങ്ങിയതും രാത്രികാലങ്ങളിൽ ഉൾപ്പെടെ വനത്തിലേക്ക് വാഹനങ്ങളിൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതുമാണ് വനം വകുപ്പിന് തലവേദനയായത്. ഇതാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് സൂചന.