മുള്ളൻകൊല്ലിയിലെ ക്വാറികൾ: സംയുക്ത തൊഴിലാളി യൂണിയൻ മാർച്ച് 15ന്
1460330
Thursday, October 10, 2024 9:12 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പൂട്ടിക്കിടക്കുന്ന ക്വാറികൾ തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ ബൈജു നന്പിക്കൊല്ലി, സാജൻ കടുപ്പിൽ, കെ.എൻ. മുരളീധരൻ, ഷാജി പച്ചിക്കര, എം.ജി. ശ്രീഷ്മോൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
15ന് ക്വാറി തൊഴിലാളികളും കുടുംബാംഗങ്ങളും മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്ന് അവർ അറിയിച്ചു. പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ക്വാറികൾ അടയ്ക്കാൻ ഇടയാക്കിയത് ഭരണസമിതി അംഗങ്ങൾക്കിടിയിലെ പ്രശ്നങ്ങളാണ്. പഞ്ചായത്ത് ഭരണസമിതിയിലെ ചിലർ കോഴ വാങ്ങിയാണ് ക്വാറികൾക്ക് പ്രവർത്താനുമതി നൽകിയതെന്നു ഒരു വിഭാഗം ആരോപിച്ചു.
തത്പരകക്ഷികൾ ഇത് മുതലെടുത്ത് പ്രശ്നം വഷളാക്കി. ക്വാറി പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി മുള്ളൻകൊല്ലിയിൽ എത്തിയിരുന്നു. എന്നിൽ ഇവർക്ക് ക്വാറികൾ പരിശോധിച്ച് വസ്തുതകൾ മനസിലാക്കാൻ കഴിഞ്ഞില്ല. ജനപ്രതിനിധികളിൽ ചിലരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയും തിരിച്ചയ്ക്കുകയുമായിരുന്നു.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ സാധാരണക്കാർ നിർമാണ ആവശ്യത്തിനുള്ള കല്ലിനും മെറ്റലിനും ആശ്രയിച്ചിരുന്നത് മുള്ളൻകൊല്ലിയിലെ ക്വാറികളെയാണ്. മൂന്നു മാസമായി ക്വാറികൾ പ്രവർത്തിക്കാത്തത് നിർമാണം നടത്തുന്നവരെ കൂടിയ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതരാക്കി. ക്വാറികളുടെ പ്രവർത്തനം നിലച്ചത് അനേകം തൊഴിലാളികളെയും ഗതികേടിലാക്കി. വരുമാനം ഇല്ലാതായത് തൊഴിലാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാക്കിയെന്നും സംയുക്ത യൂണിയൻ നേതാക്കൾ പറഞ്ഞു.