ചൂരൽമല ദുരന്തം: സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും നടപ്പാക്കിയില്ലെന്ന് പരാതി
1458154
Tuesday, October 1, 2024 8:36 AM IST
കൽപ്പറ്റ: നാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ദുരന്തം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഇനിയും പൂർണമായും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുസ്ലിംലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച 10,000 രൂപ ഇനിയും 250ൽപരം കുടുംബങ്ങൾക്ക് ലഭിക്കാനുണ്ട്. വെള്ളാർമല വില്ലേജിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര ധനസഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം.
ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ദിനംപ്രതി 300 രൂപ വീതം നൽകാമെന്ന് പറഞ്ഞത് ഭാഗികമായി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത് അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ലഭിക്കാനുള്ള നടപടി സ്വീകരിക്കണം. വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റിയവർക്ക് പ്രതിമാസം 6000 രൂപ വാടക നൽകുമെന്നാണ് വാഗ്ദാനം നൽകിയിരുന്നത്. പലരും വലിയ വാടക്കാണ് വീടുകൾ എടുത്തിട്ടുള്ളത്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച 6000 രൂപ മാസ വാടക ചുരുക്കം ചിലർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
തെരച്ചിൽ പ്രവർത്തനം ഓഗസ്റ്റ് 15 ന് ശേഷം കാര്യമായി നടന്നിട്ടില്ല. ഇപ്പോൾ പൂർണമായും നിലച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ തെരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടുമില്ല. ഇനിയും 47 പേരെ കെണ്ടത്താനുണ്ട്. തെരച്ചിൽ പുനരാരംഭിക്കുകയോ അല്ലെങ്കിൽ ഒൗദ്യോഗികമായി തെരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയോ ചെയ്യണം. കാണാതായ 47 പേർ മരിച്ചതായി കണക്കാക്കി അവർക്ക് മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുകയും അവരുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.
ദുരന്ത മുഖത്തുള്ള സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കുന്നതിന് വേണ്ടി ഭരണകക്ഷിയായ സിപിഎം കള്ള പ്രചാരണങ്ങൾ നടത്തുകയാണ്. ദുരന്ത ബാധിതർക്ക് ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും പൂർണമായും ലഭിക്കുന്നത് വരെയും പുനരധിവാസം നടത്തുന്നത് വരെയും മുസ്ലിം ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവും. സമരത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള കേന്ദ്രങ്ങളിലേക്ക് ദുരന്തബാധിതരെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്ന് മണ്ഡലംലീഗ് പ്രസിഡന്റ് ടി. ഹംസ, പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി പി.കെ. അഷ്റഫ്, പഞ്ചായത്ത് മെന്പർ ബി. നാസർ എന്നിവർ അറിയിച്ചു.