ധനേഷിനും കുടുംബത്തിനും നാടിന്റെ അന്ത്യാഞ്ജലി
1454350
Thursday, September 19, 2024 4:39 AM IST
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ച നെൻമേനി ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ്(38), ഭാര്യ അഞ്ജു(27), മകൻ ഇഷാൻ കൃഷ്ണ(ആറ്)എന്നിവർക്ക് നാടിന്റെ അന്ത്യാഞ്ജലി.
മൂവരുടെയും മൃതദേഹങ്ങൾ ഗോവിന്ദമൂലയിലെ വീട്ടുവളപ്പിൽ സജ്ജമാക്കിയ ചിതകളിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ സംസ്കരിച്ചു. ബന്ധുമിത്രാദികളടക്കം നൂറുകണക്കിനു ആളുകൾ നിറമിഴികളോടെ ഈ രംഗത്തിനു സാക്ഷികളായി.
ധനേഷിന്റെ സഹോദരൻ ജിജീഷിന്റെ പത്തുവയസുകാരൻ മകൻ ദയാൽ കഷ്ണയും പിതൃസഹോദരന്റെ മകൻ അരുണും ചേർന്നാണ് ചിതകൾക്കു തീ കൊളുത്തിയത്. ധനേഷിന്റെയും അഞ്ജുവിന്റെയും മൃതദേഹങ്ങൾക്കു മധ്യത്തിലാണ് മകന് ചിതയൊരുക്കിയത്.
പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ പുലർച്ചെ മൂന്നോടെ അഞ്ജുവിന്റെ പൂതാടിയിലെ തോണിക്കുഴി വീട്ടിലാണ് ആദ്യം എത്തിച്ചത്. അനേകം ആളുകൾ ഈ സമയം വീട്ടിൽ കാത്തുനിന്നിരുന്നു.
കുടുംബാംഗങ്ങളും നാട്ടുകാരും ഇഷാൻ കൃഷ്ണ പഠിക്കുന്ന കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിനുശേഷം രാവിലെ ഒൻപതോടെയാണ് മൃതദേഹങ്ങൾ ആംബുലൻസുകളിൽ ഗോവിന്ദമൂലയിൽ എത്തിച്ചത്.
മൂവരെയും അവസാനമായി ഒരുനോക്ക് കാണുന്നതിനും അന്ത്യോപചാരം അർപ്പിക്കുന്നതിനും ആളുകൾ വീട്ടിലേക്ക് പ്രവഹിച്ചു. പൂതാടി നിവാസികളും ഗോവിന്ദമൂലയിൽ എത്തി.
മരണവിവരം ബന്ധുക്കൾ ധനേഷിന്റെ മാതാപിതാക്കളെ വൈകിയാണ് അറിയിച്ചത്. ബന്ധുക്കളും സമീപവാസികളും വീട്ടിൽ എത്താൻ തുടങ്ങിയപ്പോഴാണ് എന്തോ സംഭവിച്ചതായി മാതാപിതാക്കൾ മനസിലാക്കിയത്.
കേരള വിഷനിൽ സാങ്കേതിക വിഭാഗം ജീവനക്കാരനായ ധനേഷിന് എറണാകുളത്താണ് ജോലി. ഓണം അവധിക്കു നാട്ടിലെത്തിയ ധനേഷ് ബൈക്കിൽ കുടുംബത്തെയും കൂട്ടി ഗുണ്ടൽപേട്ടയിൽ വിനോദയാത്ര പോയപ്പോഴായിരുന്നു ദുരന്തം.
കല്ലുകയറ്റിയ മൾട്ടി ആക്സിൽ ട്രക്ക് നിയന്ത്രണംവിട്ട് ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ട്രക്ക് ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകനും ബൈക്കും ട്രക്കിനു അടിയിൽപ്പെട്ടു. മൂവരും സംഭവസ്ഥലത്ത് മരിച്ചു.