കോൽക്കുഴിയിൽ റോഡ് തകർന്നു; നന്നാക്കാൻ നടപടിയില്ല
1452473
Wednesday, September 11, 2024 5:29 AM IST
സുൽത്താൻബത്തേരി: കോൽക്കുഴിയിൽ തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ല. മാടക്കര-ചീരാൽ റോഡിലാണ് കോൽക്കുഴി. മാസങ്ങൾക്ക് മുന്പാണ് റോഡിൽ നൂറ് മീറ്റർ നീളത്തിൽ വിള്ളലുണ്ടായത്.
റോഡിന്റെ പാതിഭാഗം ചെരിഞ്ഞുതാഴുകയും കലുങ്കിന് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു. അശാസ്ത്രീയ നിർമാണമാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്. റോഡിന്റെ ഒരുവശത്ത് 30 അടി താഴ്ചയിൽ പാടവും തോടുമാണ്. എതിർവശത്തു താമസിക്കുന്ന 20 ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. പൊതുമരാമത്ത് അന്പലവയൽ ഡിവിഷനു കീഴിലുള്ള റോഡാണിത്.
രണ്ട് സ്വകാര്യ ബസുകൾ ഉൾപ്പെടെ ദിനേന അനേകം വാഹനങ്ങൾ കടന്നുപോകന്നതാണ് പാത. നെൻമേനി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡുമാണിത്. മാടക്കര തോടിന് കുറുകെയുള്ള പാലവും അപകടാവസ്ഥയിലാണ്. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകൾ പഴക്കമുണ്ട്.