ക്വാറി, ക്രഷർ അനുമതിക്ക് മുന്‍പ് ആശങ്കകൾ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1450786
Thursday, September 5, 2024 5:24 AM IST
കൽപ്പറ്റ: ജില്ലയിൽ ക്വാറി, ക്രഷർ എന്നിവയ്ക്ക് അനുമതി നൽകുന്നതിനു മുന്‍പ് പ്രദേശവാസികളുടെ യഥാർഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
മുള്ളൻകൊല്ലി പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരേ സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ലാ കളക്ടറിൽ നിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പാടിച്ചിറ വില്ലേജിൽ തറപ്പത്ത്കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കൽ ഖനനത്തിന് സർക്കാർ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നൽകിയത്. ഇതിന് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ല.
പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ളവ മറ്റ് വകുപ്പുകളിൽ നിന്ന് ലഭ്യമായാൽ മാത്രമേ സ്ഥലത്ത് ഖനനാനുമതി നൽകാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കരിങ്കൽ ക്വാറി തുടങ്ങാൻ അപേക്ഷ ലഭിച്ച സ്ഥലം അപകട സാധ്യത മേഖലയിൽ ഉൾപ്പെട്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിയുണ്ടായ സ്ഥലത്ത് കരിങ്കൽ ഖനനം നടത്താനോ ക്രഷർ സ്ഥാപിക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കമ്മീഷന്റെ ഇടപെടൽ ഈ ഘട്ടത്തിൽ ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നു.
ചണ്ണോത്തുകൊല്ലി ക്വാറി വിരുദ്ധസമിതിക്ക് വേണ്ടി ചെയർമാനും കണ്‍വീനറും സമർപ്പിച്ച പരാതിയിലാണ് നടപടി.