പാടിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി വേണം
1450777
Thursday, September 5, 2024 5:15 AM IST
പുൽപ്പള്ളി: പാടിച്ചിറയിലെ കുടുംബാരോഗ്യകേന്ദ്രം ബോർഡിൽ മാത്രമൊതുങ്ങി മുള്ളൻകൊല്ലി പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രി.
രണ്ട് വർഷത്തോളമായി കുടുംബാരോഗ്യകേന്ദ്രം എന്ന ബോർഡ് ആശുപത്രിക്കുണ്ടെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങളും ജീവനക്കാരും മാത്രമാണ് ആശുപത്രിയിൽ ഇപ്പോഴുമുള്ളത്. രണ്ട് വർഷം മുന്‍പാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കിയുയർത്തി പ്രഖ്യാപനമുണ്ടായത്.
തുടർന്ന് ആശുപത്രിക്കു സമീപമുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് ഒപിയടക്കം മാറ്റിയിരുന്നു.കിടത്തിച്ചികിത്സയ്ക്കടക്കം സൗകര്യമുള്ളതാണ് കെട്ടിടമെങ്കിലും ഒരാളെപ്പോലും ഇതുവരെയായും കിടത്തിച്ചികിത്സിക്കാൻ ഇവിടെ സാധ്യമായിട്ടില്ല. മുന്‍പുണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍തന്നെയാണ് ഇപ്പോഴും.
ഒരു ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനമാണുള്ളത്.ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെത്തുടർന്ന് പ്രതിഷേധമുയർന്നപ്പോൾ വർക്കിംഗ് അറേഞ്ച്മെന്റിൽ പാക്കം കുടുംബാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടറുടെ സേവനംകൂടി താത്കാലികമായി ഇവിടെ ലഭിക്കുന്നുണ്ട്.
ആഴ്ചയിൽ മൂന്നുദിവസംമാത്രമാണ് രണ്ടു ഡോക്ടർമാരും രോഗികളെ പരിശോധിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഒപി പ്രവർത്തനം. ആഴ്ചയിൽ ആറുദിവസവും ഒപി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ ഉടനെ നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ആദിവാസികളടക്കം നൂറുകണക്കിനാളുകളുടെ ഏക ആശ്രയമാണ് പാടിച്ചിറയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി. ലാബ് പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയില്ല. അടിയന്തരമായി ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.