പകർച്ചവ്യാധി വ്യാപനം തടയാൻ കരുതൽ വേണം: മന്ത്രി വീണാ ജോർജ്
1443954
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: ദുരിതാശ്വാസ ക്യാന്പുകളിൽ പകർച്ചവ്യാധി വ്യാപനം തടയാൻ കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൈനാട്ടി ജനറൽ ആശുപത്രി ഡിഇഐസി ഹാളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ക്യാന്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച് 1എൻ 1, എലിപ്പനി എന്നിവയ്ക്കെതിരേ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടൻ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയിൽപ്പെട്ടാൽ എലിപ്പനിക്ക് ചികിത്സ തേടണം.
അടുത്ത രണ്ടാഴ്ചയിൽ എലിപ്പനി വ്യാപനത്തിനെതിരേ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാന്പുകളിൽ മാസ്ക് നിർബന്ധമാക്കണം.ആരോഗ്യ വകുപ്പിന്റെ കണ്ട്രോൾ റൂമിൽ ആറ് ദിവസമായി വിളികൾ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കണ്ട്രോൾ റൂം ടെലിമാനസുമായി ചേർന്ന് പ്രവർത്തിക്കും.
ആരോഗ്യ, ആയുർവേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നൽകുന്നതിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെകൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും.ക്യാന്പംഗങ്ങൾക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്‍സലർമാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യിക്കണം. ഇവർക്ക് മതിയായ വിശ്രമം ഉറപ്പാക്കണം.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. നിലവിൽ കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കൾക്കൊപ്പമാണ്. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള ക്യാന്പിൽ സംസ്ഥാന ആരോഗ്യ ഏജൻസി മുഖാന്തരം ഹെൽത്ത് കാർഡുകൾ ലഭ്യമാക്കാനും വിതരണം ചെയ്യാനും കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ.കെ.പി. റീത്ത (ഇരുവരും ഓണ്‍ലൈൻ), ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ. വിവേക്കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്,
മാനസികാരോഗ്യ വിഭാഗം സംസ്ഥാന നോഡൽ ഓഫീസർ ഡോ.പി.എസ്. കിരണ്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ആയൂർവേദം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ. പ്രീത തുടങ്ങിയവർ പങ്കെടുത്തു.