ബത്തേരി പെരിക്കല്ലൂർ റോഡ് ടാറിംഗ്: ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന്
1572509
Thursday, July 3, 2025 5:23 AM IST
പുൽപ്പള്ളി: ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുന്പ് ടാർ ചെയ്ത ബത്തേരി - പെരിക്കല്ലൂർ റോഡ് നല്ല രീതിയിൽ പണിയുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരി - പെരിക്കല്ലൂർ റോഡ് വളരെ ശോചനീയമായ സ്ഥിതിയിലാണുള്ളത്.
റോഡ് പണിതതിന് ശേഷം ബത്തേരി മുതൽ പുൽപ്പള്ളി വരെ അറ്റകുറ്റപ്പണികൾ ചെയ്തെങ്കിലും പുൽപ്പള്ളി മുതൽ പെരിക്കല്ലൂർ വരെ നാളിത് വരെ ഒരു പണിയും എടുത്തിട്ടില്ല. വലിയ കുഴികളിൽ ചാടി വാഹനങ്ങൾ മറിയുന്നതും വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. പെരിക്കല്ലൂർ മുതൽ പുൽപ്പള്ളി വരെയുള്ള ഡ്രൈവിംഗ് സാഹസികമാണ്.
തദേശ തെരെത്തെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാനായി ബത്തേരി - പെരിക്കല്ലൂർ റോഡ് ടാറിംഗിന് 19 കോടി അനുവദിച്ചെന്നാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറയുന്നത്. ഇതിന് മുൻപും പല പ്രാവശ്യം റോഡ് പണിയാൻ ഫണ്ട് അനുവദിച്ചെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു പണിയും നടന്നില്ല.
ഇന്നത്തെ കാലത്ത് മുപ്പത്തിഅഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ടാറിംഗിന് പത്തൊൻപത് കോടി രൂപ തികയില്ലെന്ന് ആർക്കും മനസിലാകും. ഈ പ്രസ്ഥാവന ഇവിടുത്തെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ആം ആദ്മി പാർട്ടി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് പണി ഏറ്റവും തകർന്ന് കിടക്കുന്ന പെരിക്കല്ലൂർ ഭാഗത്ത് ആരംഭിക്കുകയും ഇരുളം വരെ പൂർത്തികരിക്കണം. ഇരുളം മുതൽ ബത്തേരി വരെ പണിയാനുള്ള ഫണ്ട് അനുവദിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പോൾസണ് അന്പലവയൽ, ഇ.വി. തോമസ്, കെ.സി. സണ്ണി, കെ.പി. ജേക്കബ്, തോമസ് ഒറ്റക്കുന്നേൽ, കെ.സി. വർഗീസ്, കെ.ജി. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.