കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ സുബ്രഹ്മണ്യനും ലക്ഷ്മണനും വനം വകുപ്പ് സഹായം നൽകാത്തതിൽ പ്രതിഷേധം
1572506
Thursday, July 3, 2025 5:23 AM IST
മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ സുബ്രഹ്മണ്യനും ലക്ഷ്മണനും വനം വകുപ്പ് സഹായം നിഷേധിക്കുന്നതിൽ പ്രതിഷേധം. തിരുനെല്ലി പഞ്ചായത്ത് പരിധിയിൽ താമസക്കാരാണ് ഇരുവരും. 2023 ഡിസംബർ 24ന് വീട്ടുമുറ്റത്താണ് സുബ്രഹ്മണ്യനെ ആന ആക്രമിച്ചത്. ദീർഘകാലം ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ല.
കഴിഞ്ഞ മെയ് 24ന് രാത്രി പനവല്ലിക്കു സമീപമാണ് ലക്ഷ്മണനെ ആന ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ നട്ടെല്ലിനു ഗുരുതര പരിക്കേറ്റു. അഞ്ച് വാരിയെല്ല് ഒടിഞ്ഞു. ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ചികിത്സാസഹായത്തിന് പലതവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും തുച്ഛമായ തുകയാണ് ലഭിച്ചത്.
ഇരുവർക്കും മതിയായ സഹായം നിഷേധിക്കുന്നതിൽ മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി(എച്ച്ആർസിപിസി) പ്രതിഷേധിച്ചു. സഹായവും നഷ്ടപരിഹാരവും ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.