എംഡിഎംഎ കടത്തുകേസില്‍ ഒരാള്‍ കൂടി പിടിയില്‍
1443667
Saturday, August 10, 2024 5:42 AM IST
സുല്‍ത്താന്‍ ബത്തേരി: ലോറിയില്‍ കടത്തുകയായിരുന്ന 1.198 കിലോഗ്രാം എംഡിഎംഎ മുത്തങ്ങ തകരപ്പാടിയില്‍ പോലീസ് പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് ഈങ്ങാപ്പുഴ ആലിപ്പറമ്പില്‍ എ.എസ്. അഷ്കറിനെയാണ്(28)സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. ലോറി ഡ്രൈവര്‍ കൈതപ്പൊയില്‍ പുതുപ്പാടി ഷംനാദ്(44) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കോഴിക്കോടും മലപ്പുറത്തും വില്‍പ്പനയ്ക്ക് ഷംനാദും അഷ്കറും 25 ലക്ഷത്തോളം രൂപ വീതിച്ചെടുത്ത് ബംഗളൂരുവില്‍നിന്നാണ് എംഡിഎംഎ വാങ്ങിയത്. ഓഗസ്റ്റ് ആറിനാണ് ഷംനാദ് ലോറിയിലും അഷ്കര്‍ കാറിലും ബംഗളൂരുവിനു പോയത്. കാബിനില്‍ സ്പീക്കര്‍ ബോക്സിനടുത്ത് കൂടുകളില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി വരുന്നതിനിടെയാണ് ഷംനാദ് പിടിയിലായത്.
തകരപ്പാടിയില്‍ പോലീസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. അഷ്കറിനെ താമരശേരി പുതുപ്പാടിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്.