വാളത്തൂർ ചീരമട്ടം ക്വാറി: ആക്ഷൻ കമ്മിറ്റി ധർണ നടത്തി
1431010
Sunday, June 23, 2024 5:58 AM IST
വടുവൻചാൽ: വാളത്തൂർ ചീരമട്ടത്ത് കരിങ്കൽ ഖനനത്തിനു അനുവദിച്ച ലൈസൻസ് പുതുക്കരുതെന്ന് ആവശ്യപ്പെട്ട് ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂപ്പൈനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്തു. ഡിഡിഎംഎ നിർദേശാനുസരണം കഴിഞ്ഞവർഷം റദ്ദാക്കിയ ലൈൻസ് പുതുക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മൂന്നു വർഷം മുൻപ് ക്വാറിക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. കരിങ്കൽ ഖനനത്തിനു അനുമതി നൽകിയ സ്ഥലം ഡിഡിഎംഎ റെഡ് സോണിൽ ഉൾപ്പെടുത്തിയതാണെന്നും 40 മീറ്റർ പരിധിയിൽ വീട് ഉള്ളതായും വൈത്തിരി തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതാണ്. ഇവിടെ തൊഴിലുറപ്പു പദ്ധതിയോ വീടുകൾക്ക് നന്പറോ മണ്ണിളക്കിയുള്ള കൃഷിയോ അനുവദിക്കുന്നില്ല. മഴക്കാലത്ത് മണ്ണിടിയുന്നതാണ് ഖനനം നടത്തേണ്ടതിനു ചുറ്റുമുള്ള കുന്നിൻചരിവ്.
ഉരുൾപൊട്ടിയ പൂത്തുമലയും മുണ്ടക്കൈയും സമീപപ്രദേശങ്ങളാണ്. എന്നിരിക്കേ ലൈസൻസ് പുതുക്കാൻ തത്പരകക്ഷികൾ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്ന് ബാദുഷ പറഞ്ഞു. സി. റഹിം അധ്യക്ഷത വഹിച്ചു. പി.സി. ഹരിദാസ്, യഹ്യാഖാൻ തലക്കൽ, എ.എം. പ്രവീണ്‍, ഷംസുദ്ദീൻ, കെ. സഹദേവൻ, സുബൈർ കൽപ്പറ്റ, തോമസ് അന്പലവയൽ, വർഗീസ് വട്ടേക്കാട്ടിൽ, കെ.വി. ഗോകുൽദാസ്, വി. ജാഫർ, എം.പി. മോളി എന്നിവർ പ്രസംഗിച്ചു.