വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ
1428658
Tuesday, June 11, 2024 8:03 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ നിയമം ലംഘിച്ച് വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ കേസിൽ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. മസിനഗുഡി ആച്ചക്കര മേഖലയിലെ റിസോർട്ട് ജീവനക്കാരായ അനിരുദ്ധ് അവസ്തി (26), തിരവ്കുമാർ (33), അജ്മുല്ല (25), ഡേവിഡ് റിയോങ് (21) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റു ചെയ്തത്.
രാത്രി കാലങ്ങളിൽ റിസോർട്ടിന് സമീപത്തെത്തുന്ന കാട്ടാനകൾക്ക് ഭക്ഷണം നൽകി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതായി പരാതി ഉയർന്നിരുന്നു. മുതുമല കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ അരുണ്‍കുമാർ, ഫോറസ്റ്റ് വാർഡൻ ജോണ്‍ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്.