പാതയോരത്തെ ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിനീക്കിത്തുടങ്ങി
1424221
Wednesday, May 22, 2024 6:13 AM IST
സുൽത്താൻ ബത്തേരി: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയോരത്ത് അപകടരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കൽ ആരംഭിച്ചു. ദേശീയപാത 766 കടന്നുപോകുന്ന കൽപ്പറ്റ-കൈനാട്ടി മുതൽ സംസ്ഥാന അതിർത്തി മുത്തങ്ങവരെ പാതയ്ക്കിരുവശവും ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളാണ് വെട്ടിമാറ്റുന്നത്.
മഴക്കാലമാകുന്നതിനുമുന്പ് ഈ ശിഖരങ്ങൾ നീക്കം ചെയ്ത് അപകട ഭീഷണിയൊഴിവാക്കുകയാണ് ലക്ഷ്യം. വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമാകുന്ന തരത്തിൽ പാതയിലേക്ക് നീണ്ടുനിൽക്കുന്ന ശിഖരങ്ങളാണ് നീക്കം ചെയ്യുന്നത്.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി നിരവധി മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. ഇവയിൽ നിന്ന് മഴക്കാലങ്ങളിൽ ശിഖരങ്ങൾ റോഡിലേക്ക് പൊട്ടിവീഴാറുമുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതെ വാഹനങ്ങളും യാത്രക്കാരും രക്ഷപ്പെടാറ്.
ഈ സാഹചര്യത്തിൽ കൂടിയാണ് എൻഎച്ച് പിഡബ്ല്യുഡി വിഭാഗം റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുന്നത്. ഉണങ്ങി ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങളും നിരവധിയാണ്. ഇതുകൂടി വെട്ടിമാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.