രാജ്യത്തെ ഭിന്നിപ്പിക്കുന്ന ബിജെപിയെ തുരത്തണം: രാഹുൽ ഗാന്ധി
1416700
Tuesday, April 16, 2024 6:42 AM IST
ഗൂഡല്ലൂർ: ജനാധിപത്യത്തിൽ നിന്ന് ഏകാദിപത്യത്തിലേക്കാണ് രാജ്യത്തെ ബിജെപി എത്തിച്ചിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ താളൂർ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി തൊഴിലാളികൾക്കും കർഷകർക്കും എതിരാണ്. കോർപ്പറേറ്റ് കന്പനികൾക്ക് മാത്രമാണ് ബിജെപി ഭരണംകൊണ്ട് നേട്ടം. വിവിധ മതങ്ങളും ഭാഷകളും വർണങ്ങളും അടങ്ങിയ വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മതത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വികസനത്തെകുറിച്ച് അവർ സംസാരിക്കില്ല. പകരം രാജ്യത്തെ ഭിന്നിപ്പിക്കാൻ അവർ മുൻപന്തിയിലുണ്ടാകും.
നിർധന കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ പ്രതിവർഷം ലഭിക്കുന്ന മഹാലക്ഷ്മി പദ്ധതി, അഗ്നിപഥ് പദ്ധതി റദ്ദാക്കും തുടങ്ങിയവയാണ് കോണ്ഗ്രസ് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളെന്നും ഇന്ത്യാ മുന്നണിയെ വിജയിപ്പിച്ച് രാജ്യത്തെ രക്ഷിക്കുന്നതിന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജനാവലിയാണ് ഇവിടെ തടിച്ചു കൂടിയിരുന്നത്. താളൂരിലെ നീലഗിരി കോളജിന് സമീപത്തെ ഹെലിപ്പാടിലിറങ്ങിയ അദ്ദേഹം കോളജ് വിദ്യാർഥികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പരിപാടിക്കെത്തിയത്.
കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഗണേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ തമിഴ്നാട് പിസിസി പ്രസിഡന്റ് കെ.വി. തങ്കബാലു രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കെ.പി. മുഹമ്മദ് ഹാജി, നാഗരാജ്, കെ. ഹംസ, മുഹമ്മദ് സഫി, അവറാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.