ജപ്തി നടപടികളിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന്
1415760
Thursday, April 11, 2024 6:00 AM IST
പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ചയും കൃഷി നാശവും കുടിവെള്ള ക്ഷാമവുംമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നടപടികൾ.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് ലഭിച്ചത്. ദേശസാത്കൃത സഹകരണ ബാങ്കുകളിൽനിന്നുൾപ്പെടെ വായ്പാ കുടിശികയുടെ പേരിൽ ജപ്തി നടപടികൾ ആരംഭിച്ചതോടെ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കർഷകർ. മാർച്ച് 30നകം വയ്പകൾ തിരിച്ചടയ്ക്കണമെന്ന് നേരത്തെ നോട്ടീസ് ലഭിച്ചുവെങ്കിലും വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഭൂരിഭാഗം കർഷകർക്കും.
കൃഷികൾ പൂർണമായി നശിച്ചതോടെ കർഷകർക്ക് വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമായത്. എന്നാൽ കർഷകർ വായ്പ തിരിച്ചടയ്ക്കുന്നതിന് ബാങ്കുകളോട് സാവകാശം ചോദിച്ചിട്ടും നൽകാൻ തയാറാവാതെ സർഫാസി അക്ട് ഉപയോഗിച്ച് കോടതി മുഖേന ജപ്തി നടപടികളുമായി ബാങ്കുകൾ രംഗത്തെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുൽപ്പള്ളി, പാടിച്ചിറ വില്ലേജുകളിൽ പത്തോളം കർഷകരുടെ ഭൂമികളാണ് കോടതി മുഖേന ജപ്തി ചെയ്തത്. വായ്പകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിലെ ഉദ്യോഗസ്ഥർ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നത് വർധിച്ചുവരികയാണ്.
കൃഷിയാവശ്യങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിർമാണത്തിനും ഉൾപ്പെടെ വായ്പയെടുത്തവരാണ് സാന്പത്തിക പ്രതിസന്ധികാരണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത്. വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ബാങ്കുകളെ സമീപിക്കുന്പോൾ കോടതി നടപടിയുമായി മുന്നോട്ടുപോയതിനാൽ സാവകാശം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ബാങ്കുകൾ സ്വീകരിക്കുന്നത്.
കടുത്ത വരൾച്ചയും മേഖലയിൽ കാർഷിക വിളകൾ പൂർണമായി ഉണങ്ങി നശിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകി ജപ്തി നടപടികളിൽനിന്നും പിൻമാറാൻ ബാങ്കുകൾ തയാറാകണമെന്നുമാണ് കർഷകരുടെ ആവശ്യം. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ബാങ്കുകളുമായി ബന്ധപ്പെട്ട് കർഷകർക്ക് വായ്പാ തിരിച്ചടവിന് സാവകാശം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.