ലോക എയ്ഡ്സ് ദിനം: ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയും നടത്തി
1375129
Saturday, December 2, 2023 1:14 AM IST
കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയും കൽപ്പറ്റയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി.റെഡ് റിബണ് കാന്പയിൻ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് ജില്ലാ കളക്ടർ ഡോ. രേണു രാജിന് നൽകി നിർവഹിച്ചു.
ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ എയ്ഡ്സ്ദിന സന്ദേശം നൽകി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് എസ്കെഎംജെ സ്കൂളിൽ അവസാനിച്ച ബോധവത്കരണ റാലി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ടി.എൻ. സജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
പനമരം ഗവ. നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ്, തെരുവ് നാടകം, സംഘ നൃത്തം എന്നിവയും നടന്നു. മുൻ ദേശീയ അത്ലറ്റ് അശ്വിനി രാജീവിന്റെ നേതൃത്വത്തിൽ സൂംബ ഡാൻസ് പരിശീലനം നൽകി.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതർക്കായി പോഷകാഹാര വിതരണ പദ്ധതി, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യ ചികിത്സയും പരിശോധനകളും ജില്ലയിൽ നടക്കുന്നുണ്ട്.
എയ്ഡ്സ് രോഗികൾക്ക് ഐക്യദാർഢ്യവുമായി ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ പരിസരത്ത് സ്നേഹ ദീപം തെളിയിച്ചു. ഫാത്തിമ മാതാ സ്കൂൾ ഓഫ് നഴ്സിംഗ് കോളജിലെ വിദ്യാർഥികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.
ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ.ഷിജിൻ ജോണ് ആളൂർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, എച്ച്ഐവി കോഡിനേറ്റർ വി.ജെ. ജോണ്സണ്, കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബിനു, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.