ഒപിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾ വലയുന്നു
1374069
Tuesday, November 28, 2023 1:56 AM IST
മാനന്തവാടി: ഒപിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളെ വലയ്ക്കുന്നു. ഡോക്ടറെ കാണുന്നതിനു മണിക്കൂറുകളോളം വരി നിൽക്കേണ്ട ഗതികേടിലാണ് രോഗികൾ. ഇത് വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. രോഗികളെ പരിശോധിച്ച് ഡോക്ടർമാരും തളരുകയാണ്.
ചികിത്സയ്ക്കെത്തുന്നവരെ വേണ്ടവിധം പരിശോധിക്കാൻ കഴിയാത്തതിലുള്ള വിഷമത്തിലുമാണവർ.ആദിവാസി വിഭാഗത്തിൽപ്പെട്ടവരടക്കം നൂറുകണക്കിനു രോഗികളാണ് ദിനേന ആശുപത്രിയിലെ ഒപി വിഭാഗത്തിൽ എത്തുന്നത്. കർണാടകയിലെ തോൽപ്പെട്ടി, ബാവലി ഭാഗങ്ങളിൽനിന്നുള്ള ധാരാളം രോഗികളും മെഡിക്കൽ കോളജ് ആശുപത്രിയിയെ ചികിത്സയ്ക്കു ആശ്രയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലെത്തി ഒപിയിൽ വരി നിന്നവർക്ക് ഉച്ചകഴിഞ്ഞാണ് ഡോക്ടറുടെ സേവനം ലഭിച്ചത്. ദിവസങ്ങളായി പനി ക്ലിനിക്കിനു മുന്നിലാണ് രോഗികളുടെ തിരക്ക്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ഒപിയിൽ മതിയായ ഡോക്ടർമാരെ നിയമിക്കാൻ ഉത്തരവാദപ്പെട്ടവർ കൂട്ടാക്കുന്നില്ല. ഇതിൽ ശക്തമാണ് പ്രതിഷേധം.മരുന്നുകളിൽ പലതും പുറത്തേക്ക് എഴുതുന്നുവെന്ന പരിഭവവും രോഗികൾക്കുണ്ട്.