വയനാടിനു മറ്റൊരു മുതൽക്കൂട്ടാകും പട്ടികവർഗ സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം
1338112
Monday, September 25, 2023 1:03 AM IST
കൽപ്പറ്റ: കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർതാഡ്സ്) നേതൃത്വത്തിൽ സുഗന്ധഗിരിയിൽ ആരംഭിക്കുന്ന പട്ടികവർഗ സ്വാതന്ത്ര്യ സമരസേനാനി മ്യൂസിയം വയനാടിനു മറ്റൊരു മുതൽക്കൂട്ടാകും.
വൈദേശികാധിപത്യത്തിനെതിരേ പോരാടിയ തദ്ദേശീയ സമരസേനാനികളെ അടയാളപ്പെടുത്തുന്നതിനും ജന്മനാടിനായി അവർ ചെയ്ത ത്യാഗത്തിന്റെ സ്മരണ നിലനിർത്തുന്നതിനുമാണ് മ്യൂസിയം സ്ഥാപിക്കുന്നത്. വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരിയിൽ ആദിവാസി പുനരധിവാസ മിഷന്റെ കൈവശമുള്ളതിൽ 20 ഏക്കറാണ് മ്യൂസിയത്തിനു പ്രയോജനപ്പെടുത്തുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാന്പത്തിക പിന്തുണയോടെ 16.66 കോടി രൂപ ചെലവിൽ നിർക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഇന്നു രാവിലെ 10.30ന് പട്ടികജാതി-വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖം, മ്യൂസിയം, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും.
ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് മ്യൂസിയം നിർമാണച്ചുമതല. ആദ്യഘട്ടത്തിൽ വയനാട്ടിലെ പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദമായ ചരിത്രമാണ് മ്യൂസിയത്തിൽ ഇടം പിടിക്കുക. ഇതിനായി കൊളോണിയൽ ആധിപത്യത്തിനെതിരേ തദ്ദേശീയ ജനത നടത്തിയതും എഴുതപ്പെടാത്തതുമായ പോരാട്ടങ്ങൾ അടയാളപ്പെടുത്തും.
ഡീംഡ് യൂണിവേഴ്സിറ്റി എന്ന നിലയിലുള്ള വികാസവും മ്യൂസിയം പദ്ധതി ലക്ഷ്യമാണെന്ന് കിർതാഡ്സ് അധികൃതർ പറയുന്നു. വൈദേശിക അധിനിവേശത്തിനെതിരേ വീറോടെ പോരാടിയ തദ്ദേശ ജനതയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും രേഖപ്പെടുത്തലും കുറവാണ്.
തദ്ദേശീയ ജനതയുടെ സ്വാതന്ത്യസമരഗാഥകളിൽ ചിലതുമാത്രമാണ് ഇപ്പോൾ ലഭ്യം. ഇതിൽ എടുത്തുപറയേണ്ടതാണ് വയനാട്ടിൽ കുറിച്യവീരനായ തലക്കൽചന്തുവും തദ്ദേശീയ ജനതയും നടത്തിയ പോരാട്ടം.
1890കളിൽ വൈദേശിക ആധിപത്യത്തിനെതിരേ ശക്തമായി പോരാടിയവരാണ് വയനാട്ടിലെ തദ്ദേശീയ ജനത. തലയ്ക്കൽ ചന്തുവിനെക്കൂടാതെ നിരവധി ദേശസ്നേഹികൾ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്തിട്ടുണ്ട്. അവർക്കുള്ള സ്മാരകവുമാകും ആധുനിക, വിശദീകരണ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി യഥാർഥ്യമാക്കുന്ന മ്യൂസിയം.
മ്യൂസിയത്തിന്റെ കണ്ടന്റ് നിർമാണം മുതൽ നടത്തിപ്പിനു വരെ പ്രത്യക്ഷമായും പരോക്ഷമായും പട്ടികവർഗ സമുദായ സഹകരണം ഉറപ്പുവരുത്താനാണ് പട്ടികവർഗ വികസന വകുപ്പിന്റെ തീരുമാനം. സമുദായാംഗങ്ങളിലെ ചെറുപ്പക്കാരുടെ അക്കാദമിക, പ്രവർത്തന, മാനേജ്മെന്റ് വൈദഗ്ധ്യം പദ്ധതിക്ക് പ്രയോജനപ്പെടുത്തും.
മ്യൂസിയത്തോടനുബന്ധിച്ച് ഒരുക്കുന്ന ഭക്ഷണശാല, കരകൗശല വസ്തു വിപണന ശാല തുടങ്ങിയവ സമുദായാംഗങ്ങൾക്കു തൊഴിൽ അവസരം തുറന്നുകൊടുക്കും. കിർതാഡ്സ് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളുടെ വിപുലീകരണവും മ്യൂസിയം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.