ഗോത്ര സമര സേനാനികൾക്കായി ജില്ലയിൽ മ്യൂസിയം ഒരുങ്ങുന്നു
1337425
Friday, September 22, 2023 2:34 AM IST
കൽപ്പറ്റ: വൈദേശിക അധിനിവേശത്തിനെതിരേ വീറുറ്റ ചെറുത്ത് നിൽപ്പ് നടത്തിയ തദ്ദേശീയ ജനതയ്ക്കായി വൈത്തിരിയിൽ മ്യൂസിയം ഒരുങ്ങുന്നു.
പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം വൈത്തിരി സുഗന്ധഗിരിയിൽ 25ന് രാവിലെ 10.30ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
തുറമുഖം, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. രാഹുൽ ഗാന്ധി എംപി, എംഎൽഎ മാരായ ടി. സിദ്ദിഖ്, ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർടാഡ്സ്) കീഴിൽ കേന്ദ്ര സംസ്ഥാന സർക്കാർ ധനസഹായത്തോടെയാണ് പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം പദ്ധതി നടപ്പാക്കുക.
വൈത്തിരിയിലെ സുഗന്ധഗിരിയിൽ 20 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ്. 16.66 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉദ്ഘാടനം ചെയ്യുക.
ആദ്യഘട്ടമായി വയനാട്ടിലെ പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദമായ ചരിത്രമാണ് മ്യൂസിയത്തിൽ ഇടം പിടിക്കുക. ഭാവിയിൽ ഒരു ഡീംഡ് യൂണിവേഴ്സിറ്റി എന്ന നിലയിലെ വളർച്ചയും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യമാണ്.
തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുകയും അവരുടെ ജന്മനാടിനായുള്ള ത്യാഗ സ്മരണ നിലനിർത്തുകയും ചെയ്യുക എന്നതാണ് പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിർമാണ ലക്ഷ്യം.
പരന്പരാഗത സങ്കൽപങ്ങൾക്ക് ഉപരിയായി മ്യൂസിയം നിർമാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും ഉൾപ്പെടുന്നതായിരിക്കും നിലവിലെ മ്യൂസിയം. ചരിത്രപരമായ നേർക്കാഴ്ചകൾക്കൊപ്പം തദ്ദേശീയ സാംസ്കാരിക പൈതൃകം, തനത് പാരന്പര്യകലാവിഷ്കാരങ്ങൾ, സംഗീതം, ഭക്ഷ്യവൈവിദ്ധ്യം എന്നിവയും മ്യൂസിയത്തിൽ ഉണ്ടാകും.