പൂപ്പൊലി അഴിമതി അന്വേഷിക്കുമെന്ന് മന്ത്രി; ആർഎആർഎസിലെ സിപിഐ സമരം അവസാനിപ്പിച്ചു
1299973
Sunday, June 4, 2023 7:35 AM IST
അന്പലവയൽ: മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമിനു മുന്നിൽ തൊഴിലാളികളിൽ ഒരു വിഭാഗം സിപിഐ നതൃത്വത്തിൽ എട്ടുദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു.
ഗവേഷണ കേന്ദ്രത്തിൽ പുഷ്പോത്സവം നടത്തിപ്പിലുണ്ടായ അഴിമതി അന്വേഷിക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരമാണ് കൃഷി മന്ത്രി പി. പ്രസാദ് നൽകിയ ഉറപ്പുകളെത്തുടർന്നു നിർത്തിയത്.
പുഷ്പോത്സവം നടത്തിപ്പിൽ അഴിമതിയുണ്ടെന്ന് ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.സക്കീർ ഹുസൈനെ ചുമതലപ്പെടുത്തിയതായി സമരക്കാരെ മന്ത്രി അറിയിച്ചു. ഗവേഷണ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിൽ കോടതി ഉത്തരവ് അനുസരിച്ച് 47 തൊഴിലാളികൾക്ക് ജോലി നൽകുമെന്നും ഫാമിലെ ഒഴിവുകളിൽ താത്കാലിക തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി ഉറപ്പുനൽകിയതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു.