ജനശ്രദ്ധയാകർഷിച്ച് വനം വകുപ്പിന്റെ ചുമർച്ചിത്രങ്ങൾ
1299969
Sunday, June 4, 2023 7:35 AM IST
മാനന്തവാടി: പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനു വനംവകുപ്പ് ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ ചുമർച്ചിത്രങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു. വനം ക്വാർട്ടേഴ്സ് സംരക്ഷണ മതിലിലാണ് 300 മീറ്റർ നീളത്തിൽ അപ്പക്സ് പെയിന്റിൽ വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മനോഹര ചിത്രങ്ങൾ എഴുതിയത്.
ഗോത്ര ജീവിതം, വേട രാജ്യം, ടിപ്പു സുൽത്താന്റെ പടയോട്ടം, വയനാട് ചുരം, കരിന്തണ്ടൻ, ബ്രിട്ടിഷുകാരുടെ വരവ്, പഴശി പോരാട്ടം, തേയില-തേക്ക് തോട്ടങ്ങൾ, ജൻമി വ്യവസ്ഥ, കുടിയേറ്റം, വന്യമൃഗശല്യം, കാപ്പി-കുരുമുളക് കൃഷി, കാട്ടിൽ നിന്നും നാട്ടിലെത്തിയ ഭൂരഹിത ആദിവാസി വിഭാഗങ്ങൾ, പ്രകൃതി സംരക്ഷണം, വന്യമൃഗ പ്രതിരോധ വേലി, വനനശീകരണത്തിന്റെ തിക്തഫലങ്ങൾ, വനവത്കരണം തുടങ്ങിയവ ചുമർച്ചിത്രങ്ങളിലെ വിഷയങ്ങളാണ്.
നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രമ്യ രാഘവൻ എന്നിവരുടേതാണ് ചുമർച്ചിത്രം എന്ന ആശയം. കലാകാരൻമാരായ അനീസ് മാനന്തവാടി, ഉമേഷ് വിസ്മയ, മാനന്തവാടി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ഡാന്റിസ്, എ.എസ്. അശ്വതി, പി.എസ്. അവന്തിക എന്നിവർ ചിത്രരചനയിൽ പങ്കാളികളായി. റോഡിലൂടെ കടന്നുപോകുന്ന കാൽനട, വാഹന യാത്രക്കാർക്കു വേറിട്ട കാഴ്ചയാകുയാണ് ചുമർച്ചിത്രങ്ങൾ.