വിക്രമൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി ഇന്ന്
1281963
Wednesday, March 29, 2023 12:26 AM IST
കോഴിക്കോട്: ആറരപ്പതിറ്റാണ്ട് അരങ്ങ് വാണ നാടകാചാര്യൻ വിക്രമൻ നായർക്ക് ഇന്ന് നാടിന്റെ അത്യാഞ്ജലിയേകും.
കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച വിക്രമൻ നായരുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് കുണ്ടൂപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ‘കൃഷ്ണ’യിൽ എത്തിച്ചത്. നടൻ, സംവിധായകൻ, നാടകസംഘം ഉടമ തുടങ്ങി നാടകത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിച്ച വിക്രമൻ നായർക്ക് അന്തിമോപചാരമർപ്പിക്കാൻ നിരവധിപ്പേരാണ് എത്തിയത്. നാടകം തന്നെ ജീവതമാക്കിയ വിക്രമൻ നായർ പിന്നീട് സിനിമയിലും സജീവമായിരുന്നു. പതിനായിരത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുതിയ സീരിയലിൽ അഭിനയിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാവിലെ 10.30വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പുതിയപാലം ശ്മശാനത്തിലേക്ക് കൊണ്ടുപോവും.11.30നാണ് സംസ്കാരം.