വന്യജീവി ആക്രമണം: നാളെ പനമരത്ത് അതിജീവന യാത്ര
1264647
Saturday, February 4, 2023 12:01 AM IST
നടവയൽ: വർധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ നിന്നും ജനതയ്ക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് കെസിവൈഎം നടവയൽ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "അതിജീവന യാത്ര’ ജനകീയ പ്രക്ഷോഭ റാലിക്ക് നാളെ പനമരത്ത് തുടക്കം കുറിക്കും.
വൈകുന്നേരം 3.30ന് പനമരം സെന്റ് ജൂഡ്സ് ദേവാലയ പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലിയിൽ ചെറുപുഷ്പ മിഷൻ ലീഗ്, മാതൃവേദി, എകെസിസി തുടങ്ങിയ സംഘടനകളും മറ്റു ആത്മീയ സംഘടനകളും പങ്കുചേരും. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ നീലപറന്പിൽ റാലി ഉദ്ഘാടനം ചെയ്യും.
തുടർന്ന് പനമരം ടൗണിൽ നടക്കുന്ന പൊതുയോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പുത്തേൻ മുഖ്യപ്രഭാഷണം നടത്തും. മേഖലാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിക്കും.