ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
1577091
Saturday, July 19, 2025 5:23 AM IST
കോഴിക്കോട്: ജനങ്ങളിലും ദൈവത്തിലുമുള്ള വിശ്വാസം വലിയ പ്രതിസന്ധി ഘട്ടങ്ങളിലും ഉമ്മന്‍ചാണ്ടിക്ക് ആത്മവിശ്വാസം പകര്‍ന്നുവെന്ന് എം.പി അബ്ദുസമദ് സമദാനി എംപി. പ്രത്യയശാസ്ത്രപരമായ രീതിശാസ്ത്രങ്ങള്‍ക്ക് പകരം വ്യക്തിവിരോധങ്ങള്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായിത്തീരുന്ന കാലത്ത് തനിക്ക് നേരെയുണ്ടായ വ്യാജ പ്രചാരണങ്ങളെ ഉറച്ച വിശ്വാസംകൊണ്ടാണ് അദ്ദേഹം നേരിട്ടത്.
ദൈവത്തിലും തന്റെ ജനങ്ങളിലും തന്റേതായ മൂല്യങ്ങളിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് അദ്ദേഹത്തിന് നല്കിയ ആത്മവിശ്വാസം പ്രതികൂല ഘടകങ്ങള്‍ക്കു മുമ്പില്‍ നിസംഗനായി നില്ക്കാന് പ്രാപ്തനാക്കി. ജനകീയനായ ജനപ്രതിനിധിയും മനുഷ്യസ്നേഹിയായ ഭരണാധികാരിയും സാമൂഹിക മൈത്രിയുടെ പ്രയോക്താവുമെല്ലാമായിരിക്കാന് ഉമ്മന്‍ചാണ്ടിയെ സജ്ജനാക്കിയത് ജനങ്ങള്‍ നല്കിയ കരുത്തായിരുന്നു. ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജവും ശ്വാസവുമെന്ന് സമദാനി ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ചാണ്ടിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.
പന്തിരിക്കര: ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പന്തിരിക്കര മേഖല മഹാത്മാഗാന്ധി കുടുംബ സംഗമവും സംഘടിപ്പിച്ചു. കെപിസിസി നിർവാഹക സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിജയൻ, ഇ.ടി. സരീഷ്, സന്തോഷ് കോശി, ഷൈലജ ചെറുവോട്ട്, കെ.കെ. ലീല, സി.കെ. രാഘവൻ, പി.ടി. കുഞ്ഞിക്കേളു, കെ.എൻ. കൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ശങ്കരൻ, വി.പി. സുഹൈൽ എന്നിവർ പ്രസംഗിച്ചു.
കൂടരഞ്ഞി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. വൻകിട വികസനങ്ങൾക്ക് ഒപ്പം തന്നെ സമൂഹത്തിലെ പാവപ്പെട്ടവരിലേക്കും അധികാരത്തിന്റെ സംരക്ഷണവും ക്ഷേമവും എത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പാതിപ്പറമ്പിൽ, സണ്ണി കിഴുക്കാരക്കാട്ട്, സിബു തോട്ടത്തിൽ, സെക്രട്ടറി ഷാജി പൊന്നമ്പേൽ, എ.പി. മണി, പഞ്ചായത്ത് അംഗം മോളി തോമസ്, ഏലിയാമ്മ ഇടമുളയിൽ, പൗലോസ് താന്നിമുളയിൽ, ഫ്രാൻസീസ് മൂക്കിലിക്കാട്ട്, ജോസ് പള്ളിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
താമരശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനമനസിലെ മായാത്ത നായകനാണെന്ന് കോൺഗ്രസ് നേതാവ് പി.എം. നിയാസ്. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എം ഉമ്മർ, പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി, പി. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുഷ്പാർച്ചനയും നടത്തി.
താമരശേരി: ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എൻജിഒ അസോസിയേഷന്റെ സ്മരണാഞ്ജലി. താമരശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച വീൽ ചെയറുകൾ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ. ഗോപാലകൃഷ്ണൻ വീൽചെയറുകൾ ഏറ്റുവാങ്ങി.
പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗം ഡിസിസി നിർവാഹക സമിതി അംഗം പി.സി. മാത്യു ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ജനത്തെ ചേര്‍ത്തുപിടിച്ച് കേരളത്തെ വികസന രംഗത്ത് വിസ്മയകരമായി മുന്നോട്ട് നയിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെര്‍മാന്‍ സിജു കെ. നായര്‍, താലൂക്ക് ചെയര്മാന് മധു രാമനാട്ടുകര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.ടി. ജിതേഷ്, ടി. അജിത്കുമാര്‍, ജില്ലാ ഭാരവാഹികളായ എന്‍.പി.രഞ്ചിത്ത്, കെ.വി. രവീന്ദ്രന്, വി. വിപീഷ്, കെ.ഫവാസ് , എലിസബത്ത് ടി. ജേക്കബ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി. നന്ദകുമാര്‍, കെ.പി.സുധീര, എം.ടി. ഫൈസല്‍, കെ.കെ അശോകന്, യു.കെ. ആയിശകുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല, സിറ്റി ബ്രാഞ്ച് സെക്രട്ടറി ആര്. രജി എന്നിവര്‍ സംസാരിച്ചു .
കോടഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. 50 തവണ രക്തദാനം നടത്തിയ സന്നദ്ധ പ്രവർത്തകനായ ബിജു ഓത്തിക്കലിനെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കെ.എം. പൗലോസ്, റോയി തോമസ്, വി.ഡി. ജോസഫ്, സണ്ണി കാപ്പാട്ട്മല, റോയി കുന്നപ്പള്ളി, അബൂബക്കർ മൗലവി, ആഗസ്തി പല്ലാട്ട്, ആന്റണി നീർവേലി, ലിസി ചാക്കോ, ഫ്രാൻസിസ് ചാലിൽ, തമ്പി പറകണ്ടത്തിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. കക്കയം, കരിയാത്തുംപാറ, കല്ലാനോട്, വട്ടച്ചിറ, കേളോത്തുവയൽ മേഖലകളിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി വീൽ ചെയർ കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ജോൺസൺ തേനംമാക്കൽ വീൽചെയർ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി.