വഴിയോര വിളക്കുകൾ കണ്ണടച്ചു, കണ്ണുതുറക്കാതെ അധികൃതരും
1577085
Saturday, July 19, 2025 5:23 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ വാർഡുകളിലായി സ്ഥാപിച്ചുള്ള വഴിയോര വിളക്കുകൾ കൂട്ടത്തോടെ കണ്ണടച്ച് പ്രദേശം ഇരുട്ടിലെന്ന് പരാതി. കൂരാച്ചുണ്ട് ടൗണിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ അടുത്തിടെ മാറ്റി പ്രവർത്തനസജ്ജമാക്കി. എന്നാൽ പഞ്ചായത്തിലെ വാർഡുകളിലെ പൊതുവഴികൾ, റോഡുകൾ എന്നിവിടങ്ങളിലുള്ള വഴിയോര വിളക്കുകൾ ഒട്ടുമിക്കവയും പ്രവർത്തനരഹിതമായതിനാൽ ദുരിതമായി മാറിയിട്ടുണ്ട്.
രാത്രിയായാൽ പലയിടങ്ങളിലും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. മാത്രമല്ല തെരുവു നായകളുടെ ശല്യവും ഇഴജന്തുക്കൾ എന്നിവയെല്ലാം ഭീക്ഷണിയായി മാറുന്നുണ്ട്. തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കാൻ നടപടി വേണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് നിലവാരം ഇല്ലാത്തവയായതിനാൽ മാസങ്ങൾ കഴിയുമ്പോൾ തന്നെ ഇവയുടെ പ്രവർത്തനം നിലയ്ക്കുകയാണെന്ന് യോഗം ആരോപിച്ചു.
ഇത്തരം ബൾബുകളാണ് ഇപ്പോൾ വൈദ്യുത പോസ്റ്റുകളിൽ കാലങ്ങളായി കിടക്കുന്നത്. ഇതിന് ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. നാട്ടിൽ തെരുവു നായകളുടെ ശല്യവും വർധിച്ചിട്ടും നടപടിയില്ല. കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തെളിയാതെ കിടക്കുന്ന തെരുവു വിളക്കുകൾ പ്രവർത്തനസജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
എ.കെ.പ്രേമൻ, പി.ടി. തോമസ് , വിനു മ്ലാക്കുഴിയിൽ, പ്രവീൺ ശങ്കരവേലിൽ, ഗോപിനാഥൻ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.