ജില്ലയില്‍ അധ്യാപക സ്ഥലംമാറ്റം അട്ടിമറിച്ചതായി ആരോപണം
1577084
Saturday, July 19, 2025 5:23 AM IST
പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടന
കോഴിക്കോട്: ജില്ലയിൽ ഓൺലൈനായി അപേക്ഷിച്ച ചില അധ്യാപകർക്ക് സ്ഥലംമാറ്റം കൊടുക്കാതെ ചില സ്കൂളുകളിലെ ഒഴിവുകൾ ഒഴിച്ചിട്ടതായി ആരോപണം. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് സർക്കാർ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ ജില്ലാന്തര ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടന രംഗത്ത്.
എല്ലാവർഷവും പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുകയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. പരാതികൾ പരിഹരിച്ച് തയാറാക്കുന്ന പട്ടികയിൽ നിന്നാണു സ്ഥലംമാറ്റം. ജൂൺ ആദ്യവാരം ഈ പട്ടികയിൽ നിന്ന് കുറച്ച് പേർക്ക് സ്ഥലംമാറ്റം നൽകി. എന്നാൽ ചില സ്കൂളുകളിലെ ഒഴിവുകൾ മനഃപൂർവം നികത്താതെയിട്ടു.
തുടർന്ന് ഈ സ്കൂളുകളിലേക്ക് തയാറാക്കിയ സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പരാതി നൽകി. എന്നാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെയും ഭരണപക്ഷ അധ്യാപകസംഘടനയുടെയും സമ്മർദങ്ങളെത്തുടർന്ന് സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെടാത്ത അധ്യാപകർക്ക് സ്ഥലംമാറ്റ ഉത്തരവ് രണ്ട് തവണ പുറപ്പെടുവിച്ചുവെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.
ഈ വർഷത്തിലെ തസ്തിക നിർണയ പ്രകാരം തസ്തിക നഷ്ടപ്പെട്ട അധ്യാപകർ ത്രിശങ്കുവിൽ നിൽക്കുമ്പോഴാണ് ഇത്തരം സ്ഥലംമാറ്റം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഇത്തരം അട്ടിമറി തുടർക്കഥയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ആദ്യം ഇറക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെടാത്തവരെ പിന്നീട് തിരുകിക്കയറ്റിയിരുന്നു. ഡിഡിഇ ഒപ്പിട്ട പട്ടികയിൽ വെട്ടിത്തിരുത്തിയ സംഭവം വിവാദമായിരുന്നു.വിദ്യാഭ്യാസ ഉപഡയറക്ടറെയും ബന്ധപ്പെട്ട സെക്ഷൻ ക്ലർക്കുമാരെയും നോക്കുകുത്തികളാക്കിയാണ് ചിലർ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നതെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.