ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചു; ഗൃഹനാഥന് തടവും പിഴയും
1577086
Saturday, July 19, 2025 5:23 AM IST
നാദാപുരം: ഡെങ്കിപ്പനി പടർന്നുപിടിക്കെ വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളർത്തു പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകണമെന്നുമുള്ള ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ അവഗണിച്ച ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു.
പുറമേരി അരൂരിലെ സുമാലയം രാജീവ(48) നെയാണ് നാദാപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അമൃത അരവിന്ദ് 6000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനും ശിക്ഷ വിധിച്ചത്.
പുറമേരി പഞ്ചായത്തിലെ അരൂരിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി തള്ളിയനിലയിലും കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കുകയും വളർത്തു മൃഗങ്ങളായ പ്രത്യേക ഇനം പൂച്ചകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതും കണ്ടെത്തിയിരുന്നു.
എന്നാൽ ആരോഗ്യ വിഭാഗത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന രേഖാമൂലമുള്ള നിർദേശം അവഗണിക്കുകയായിരുന്നു. ഇതേ തുടർന്ന് അധികൃതർ കേസ് ഫയൽ ചെയ്തു.