മലപ്പുറത്ത് ഹൈടെക് പകൽവീട് സജ്ജമായി
1592219
Wednesday, September 17, 2025 5:36 AM IST
മലപ്പുറം: ഒരു സമൂഹത്തിൽ വയോജനങ്ങളോട് കാണിക്കുന്ന വിശാലമായ സമീപനവും ബഹുമാനവും ആദരവും ആ സമൂഹം നേടിയ സാമൂഹിക വികാസത്തിന്റെ പ്രതിഫലനമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി അഭിപ്രായപ്പെട്ടു.
മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ആദ്യത്തെ സന്പൂർണ എയർകണ്ടീഷൻ മോഡേണ്‍ ഹൈടെക് പകൽ വീട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭ നടപ്പാക്കുന്ന മാതൃകാപദ്ധതികൾ വയോജന രംഗത്തും മികച്ച മുന്നേറ്റത്തിന് വഴി തെളിയിച്ചുവെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയോജന പദ്ധതികളിലൂടെ കേവലം പദ്ധതി നിർവഹണം എന്നതിലുപരി വലിയ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് നിർവഹിക്കപ്പെടുന്നത്. ഒറ്റപ്പെടലിന്റെയും പ്രയാസത്തിന്റെയും കാലഘട്ടമായി വാർധക്യകാലം മാറിക്കൂടാ.
വീടിനകത്ത് ഒറ്റപ്പെട്ട തുരുത്തുകളായി ജീവിക്കുന്നതിന് പകരം പൊതുയിടങ്ങളിലും വയോജനങ്ങൾക്ക് മാനസിക ഉല്ലാസം ലഭ്യമാകുന്ന രീതിയിൽ പകൽവീട് പദ്ധതി മാതൃകാപരമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
മലയിൽ ഗ്രൂപ്പ് ചെയർമാൻ സി.എച്ച്. മുഹമ്മദ് ഗദ്ദാഫി മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മറിയുമ്മ ഷെരീഫ് കോണോത്തൊടി, പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൾഹക്കീം, പരി അബ്ദുൾ ഹമീദ്, നഗരസഭ കൗണ്‍സിലർമാരായ സി. സുരേഷ്, എ.പി. ശിഹാബ്, നഗരസഭാ സെക്രട്ടറി കെ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.