താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാളെ
1545015
Thursday, April 24, 2025 5:23 AM IST
പെരിന്തൽമണ്ണ: താഴെക്കോട് ഗ്രാമപഞ്ചായത്ത് കുരികണ്ടിൽ നിർമിച്ച കുടുംബാരോഗ്യ കേന്ദ്രം തുറന്ന് കൊടുക്കുന്നു.
86 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ പൂർത്തീകരിച്ചത്. നാളെ രാവിലെ 10ന് കായിക, വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാൻ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ആർദ്രം മിഷൻ പദ്ധതിയിൽ 36 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. രാവിലെ മുതൽ വൈകിട്ട് ആറ് വരെ ഒ.പി പ്രവർത്തിക്കും.
നാല് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഒ.പി, നിരീക്ഷണമുറി, ഫാർമസി, മരുന്ന് സ്റ്റോർ, ശ്വാസ് ആശ്വാസ് പദ്ധതി പ്രവർത്തനം, ഇ-ഹെൽത്ത് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ആറ് സബ് സെന്ററുകൾ ഇതിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.
താഴെക്കോട്, ആലിപ്പറന്പ് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആരോഗ്യപരമായ ഉന്നമനത്തിന് ലക്ഷ്യമിട്ടാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം തുറക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി വളരെക്കാലം മുന്പ് വാങ്ങിയ ഒരു ഏക്കർ സ്ഥലത്താണ് പുതിയ കുടുംബാരോഗ്യ കേന്ദ്രം പണിതത്.
ഇതോടൊപ്പം കരിങ്കല്ലത്താണിയിലെ സബ് സെന്ററിന്റെ 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. 55 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം നിർമിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ, മെഡിക്കൽ ഓഫീസർ കെ.വി. ഷാനവാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജില ദിലീപ്, പഞ്ചായത്ത് സെക്രട്ടറി കെ. ശ്രീശാന്ത് തുടങ്ങിയവർ പങ്കെടുത്തു.