പെരിന്തൽമണ്ണയിലെ ടാലന്റ് ബുക്ക് ഹൗസ് കത്തിനശിച്ചു
1545014
Thursday, April 24, 2025 5:23 AM IST
പെരിന്തൽമണ്ണ :പെരിന്തൽമണ്ണ -ഉൗട്ടി റോഡിൽ മൗലാന ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ടാലന്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് അഗ്നിബാധ ഉണ്ടായത്.
ആളപായമില്ല. ഓട്ടോറിക്ഷ തൊഴിലാളികളും പത്രം ഇടാനായി എത്തിയ ആളുമാണ് തീ പടരുന്നത് കണ്ടത്. ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ എൻജിനും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും ചേർന്ന് നാലുമണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ട്രോമാകെയർ അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരും തീനിയന്ത്രണ വിധേയമാക്കുന്നതിൽ പങ്കാളികളായി. മൗലാന ആശുപത്രിയുടെ ഫയർ ഹൈഡ്രേറ്റിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റിന് വെള്ളം നൽകി സഹായിച്ചതും തീയണക്കാൻ എളുപ്പമായി.
രാവിലെ 6.30നാണ് തീ പൂർണമായും അണച്ചത്. അടുത്തദിവസം പ്രവർത്തിക്കാനിരുന്ന സ്ഥാപനത്തിന്റെ ഭാഗമായ പ്രസിലേക്ക് തീപടരാതിരുന്നത് അനുകൂലമായി. ടാലന്റ് ബുക്ക് ഹൗസ് നിലനിൽക്കുന്ന ഇരുനില കെട്ടിടത്തിലെ സകല സാധനങ്ങളും മണിക്കൂറുകൾക്കകം കത്തി നശിച്ചു. സംഭവത്തിൽ ഒരു കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ ടാലന്റ് ലത്തീഫ് പറഞ്ഞു.
കഴിഞ്ഞദിവസം ഈ ഭാഗങ്ങളിൽ വൈകുന്നേരം മുതൽ വോൾട്ടേജ് വ്യതിയാനം സംഭവിക്കുന്നതായി കടയുടമ കഐസ്ഇബിയിൽ വിവരം അറിയിച്ചിരുന്നുവത്രെ. വോൾട്ടേജ് പ്രശ്നം കാരണം ജനറേറ്റർ ഉപയോഗിച്ചായിരുന്നു കട പ്രവർത്തിച്ചിരുന്നതെന്ന് ഉടമ പറയുന്നു. വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വൻതോതിൽ നോട്ടുബുക്കുകളും മറ്റു സാധന സാമഗ്രികളും സ്റ്റോക്ക് എത്തിച്ചിരുന്നു. ഇവയെല്ലാം അഗ്നിക്കിരയായിട്ടുണ്ട്. സമീപത്തെ കടകളിലും വോൾട്ടേജ് പ്രശ്നം കാരണം കന്പ്യൂട്ടറുകളും മറ്റും തകരാറിലായിരുന്നതായി വ്യാപാരി നേതാക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പെരിന്തൽമണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.