മച്ചിങ്ങലിൽ കാറ്റിലും മഴയിലും മരക്കൊന്പുകൾ വാഹനങ്ങളുടെ മുകളിൽ വീണു : അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
1535664
Sunday, March 23, 2025 5:53 AM IST
മലപ്പുറം: കനത്ത മഴയിലും കാറ്റിലും മലപ്പുറത്ത് കൂറ്റൻ മരക്കൊന്പ് വാഹനങ്ങൾക്ക് മീതെ വീണ് ഡ്രൈവർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും കാറ്റിലും മലപ്പുറം ആലത്തൂർപടി മച്ചിങ്ങലിൽ ചീനി മരത്തിന്റെ കൂറ്റൻ ശിഖരംപൊട്ടി ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് മുകളിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലും വീണു.
ടിപ്പർ ലോറിയുടെ കാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങിയ ഡ്രൈവർ മേൽമുറി ചുങ്കം സ്വദേശി സി.കെ. അമീറിനെ മലപ്പുറം അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാബിനുള്ളിൽ ഞെരുങ്ങി തലകുനിഞ്ഞു കുടുങ്ങിയ അമീറിനെ സുഗമമായി ശ്വാസം എടുക്കുന്നതിന് സേന ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് കാബിൻ പൊക്കി നിർത്തിയശേഷം അര മണിക്കൂറോളം സാഹസപ്പെട്ട് മരക്കൊന്പ് മുറിച്ചുമാറ്റി കാബിൻ വെട്ടിപ്പൊളിച്ച് പരിക്കുകൾ ഏൽക്കാതെ രക്ഷപെടുത്തുകയും തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ലോറിക്കും കാറിനും കേടുപാടുകൾ സംഭവിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾവർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. മുഹമ്മദ്കുട്ടി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.പി. ഷഫീക്ക്, കെ.സി. മുഹമ്മദ് ഫാരിസ്, അക്ഷയ് രാജീവ്, അഭിനന്ത്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ രാജേഷ്, ഹോം ഗാർഡ് വേണുഗോപാൽ, ജോയ് ഫ്രാൻസിസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.