മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് 19 മുതല്‍
1496023
Friday, January 17, 2025 5:13 AM IST
എടക്കര: അമ്പത്തിരണ്ടാമത് മലങ്കര സുറിയാനി സഭ മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് 19 മുതല്‍ 26 വരെ ചുങ്കത്തറയില്‍ നടക്കും. ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിക്ക് സമീപം തയാറാക്കിയ പന്തലില്‍ വൈകിട്ട് 6.35ന് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
സണ്‍ഡേ സ്കൂള്‍, എംജിഒസിഎസ്എം, ബാലസമാജം സംയുക്ത സമ്മേളനം, മദ്ബഹ ശുശ്രൂഷ സംഗമം, ഭദ്രാസന വൈദിക കുടുംബസംഗമം, ബസ്ക്യോമ അസോസിയേഷന് സമ്മേളനം, സണ്‍ഡേ സ്കൂള്‍ അധ്യാപക സമ്മേളനം, ലഹരി വിമോചിത കുടുംബസംഗമം, ഉപവാസ ധ്യാനം, മര്‍ത്തമറിയം വനിതാസമാജം സമ്മേളനം, യുവജന സംഗമം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും.
വ്യാഴാഴ്ച വൈകിട്ട് ആറരക്ക് ഭദ്രാസന മദ്യവര്‍ജന സമിതി ഉദ്ഘാടനം യൂഹാനോന്‍ മാര്‍ പോളികാര്പോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ എട്ടിന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ അഞ്ചിന്മേല് കുര്‍ബാന നടക്കും.
സണ്‍ഡേ സ്കൂള്‍ റാലി, സമ്മാനദാനം, സ്കോളര്‍ഷിപ്പ് വിതരണം, കാര്‍ഷിക അവാര്‍ഡ് വിതരണം, സ്നേഹ വിരുന്ന് എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ഫാ. പോള്‍ വര്‍ഗീസ് താഴത്തേടത്ത്, ഫാ. ഷാബിന് രാജു, ഫാ. വര്‍ഗീസ് തോമസ്, സാം അബ്രഹാം, ജോര്‍ജ് ജോസഫ് ചിറയില്‍, സണ്ണി മത്തായി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.