കാട്ടുകൊന്പന്റെ ആക്രമണത്തില്‍നിന്ന് രണ്ടുപേർ രക്ഷപ്പെട്ടു
1495724
Thursday, January 16, 2025 5:24 AM IST
എടക്കര: മൂത്തേടത്ത് കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് ചൊവ്വാഴ്ച കാട്ടാനകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കല്ലേംതോട് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ പഴംപള്ളില്‍ പൊന്നൂസ്, കരുളായി പഞ്ചായത്ത് പടി സ്വദേശിയായ യുവാവ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വൈകിട്ട് ആറ് മണിയോടെ വീടിനു മുന്‍ഭാഗത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ പൊന്നൂസിനെ കാട്ടാന ഓടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണിയാള്‍ രക്ഷപ്പെട്ടത്. രാത്രി എട്ടരയോടെ പാലാങ്കര ഒയലക്കല് കടവില്‍ സ്കൂട്ടറില്‍ കുളിക്കാന്‍ എത്തിയ കരുളായി പഞ്ചായത്തുപടി സ്വദേശിക്ക് നേരെയും കാട്ടാന ആക്രമണമുണ്ടായി.
സ്കൂട്ടര്‍ പാലത്തില്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെയാണ് കാട്ടാന യുവാവിന് നേരേ ഓടിയടുത്തത്. ആനയെ കണ്ടയുടനെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വീണ് ഇയാള്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. കലിയടങ്ങാതെ ആന സ്കൂട്ടര്‍ തകര്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലേംതോട് ഔട്ട്പോസ്റ്റിന് സമീപത്തുകൂടി പാലാങ്കര വലിയ പാലത്തിനടുത്ത് ആനയെത്തിയിരുന്നു. ഇതേതുടര്‍ന്ന് വനം ആര്‍ആര്‍ടിയും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്തി. പിന്നീട് രാത്രി എട്ടരയോടെ വീണ്ടുമെത്തിയാണ് ആന ആക്രമണം നടത്തിയത്.
ഈ ആനയെ ഇന്നലെ പുലര്‍ച്ചെ കരിമ്പുഴ പാലത്തിനടുത്തുള്ള വള്ളുവശേരി വനത്തിലേക്ക് ഓടിച്ചു വിട്ടു. മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാനകള്‍ കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.