കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത : ഭൂമി ഏറ്റെടുക്കലിന് തുടക്കം
1484765
Friday, December 6, 2024 4:37 AM IST
മഞ്ചേരി : കോഴിക്കോട്- പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് ഇന്ന് വാഴയൂരില്‍ തുടക്കമാവും.
ഒരുമാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കും. കല്ലിടലോടെ ഏറ്റെടുക്കുന്ന ഭൂമിയെക്കുറിച്ചുള്ള കൃത്യമായ വിവരവും വ്യക്തമാകും. ജില്ലയിലെ ചെമ്പ്രശേരി, വെട്ടിക്കാട്ടിരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, കരുവാരക്കുണ്ട് വില്ലേജുകളിലായി 18 ഹെക്ടര്‍ ഭൂമിയാണ് അധികമായി ഏറ്റെടുക്കുന്നത്.
പാതയോരത്ത് ട്രക്കുകള്‍ക്ക് യാര്‍ഡ്, ബസ് സ്റ്റോപ്പ് എന്നിവ നിര്‍മിക്കുന്നതിനാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി ഒന്നാംഘട്ടത്തില്‍ 15 വില്ലേജുകളില്‍നിന്ന് 239 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നഷ്ടപരിഹാരം വിതരണം 97 ശതമാനവും പൂര്‍ത്തിയാക്കിയാണ് ഭൂമി ഏറ്റെടുക്കലുമായി അധികൃതര്‍ രണ്ടാംഘട്ടത്തിലേക്കു കടന്നത്. അടിസ്ഥാന വിലയ്ക്കുപുറമെ വര്‍ധന ഘടകവും അതിന്റെ നൂറ് ശതമാനം സമാശ്വാസ പ്രതിഫലവും ഉള്‍പ്പെടുത്തിയാവും നഷ്ടപരിഹാരം. ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമായാല്‍ ജില്ലയില്‍ വലിയതോതിലുള്ള വികസനം നടപ്പാകുമെന്നാണ് പ്രതീക്ഷ.