വായനക്കൂടാരം ഉദ്ഘാടനം ചെയ്തു
1484759
Friday, December 6, 2024 4:37 AM IST
എടക്കര: കരുനെച്ചി എഎല്‍പി സ്കൂളില്‍ വായനാ പരിപോഷണ പദ്ധതിയായി വായനക്കൂടാരം ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകളെയും വായനക്കാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
"എല്ലാവരും വായിക്കാന്‍, എല്ലാവരും വളരാന്‍' എന്ന ആശയവുമായാണ് "വായനക്കൂടാരം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2016ല്‍ രക്ഷിതാക്കള്‍ക്കു വേണ്ടി ഈ സ്കൂളില്‍ ഒരു വായനശാല സ്ഥാപിച്ചിരുന്നു.
കൊറോണക്കാലത്തോടെ പ്രവര്‍ത്തനം നിലച്ചു പോയ ഈ വായനശാല വായനാ തത്പരരായ എല്ലാവര്ക്കും പ്രാപ്യമാവുന്ന രൂപത്തില്‍ പുനഃസംഘടിപ്പിച്ചിരിക്കുകയാണിപ്പോള്. സ്കൂളില്‍ നടന്ന ചടങ്ങില്‍ കവി ശ്രീജിത്ത് അരിയല്ലൂര്‍ വായനക്കൂടാരം ഉദ്ഘാടനം ചെയ്തു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് അധ്യക്ഷത വഹിച്ചു.
ബത്തേരി രൂപത എഡ്യൂക്കേഷണല്‍ ഏജന്‍സി കറസ്പോണ്ടന്റ് ഫാ. ജോണ്‍ തളിക്കുന്നേല്‍ മുഖ്യപ്രഭാഷണവും നിലമ്പൂര്‍ എഇഒ കെ. പ്രേമാനന്ദ് സന്ദേശവും നല്കി. ഗ്രാമപഞ്ചായത്തംഗം പി. മോഹനന്, നിലമ്പൂര്‍ ബിപിസി എം. മനോജ് കുമാര്‍, സ്കൂള്‍ പ്രധാനാധ്യാപകന് റെന്നി വര്‍ഗീസ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.എ. മാര്‍ക്കോസ്, ലൈബ്രേറിയന്‍ ജിഷി ജോസഫ്, അധ്യാപകരക്ഷാകര്‍തൃ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.