നാശോന്മുഖമായ ടെലിഫോണ്‍ എക്സ്ചേഞ്ച്: പ്രതിഷേധവുമായി യുവാവ്
1484305
Wednesday, December 4, 2024 5:17 AM IST
മഞ്ചേരി: എളങ്കൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് യുവാവിന്റെ പ്രതിഷേധം ശ്രദ്ധേയമായി. എളങ്കൂറിലെ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ മജീദ് മാവുങ്ങലാണ് പ്രതിഷേധിച്ചത്. കാടുമൂടി നാശോന്മുഖമായ കെട്ടിട പരിസരത്തേക്ക് പോകാന്‍ പോലും ആളുകള്‍ ഭയക്കുന്നു.
എക്സ്ചേഞ്ച് പരിസരത്ത് ഇഴജന്തുക്കള്‍ ധാരാളമുണ്ട്. വൈദ്യുതി വിതരണം നിലച്ചാല്‍ ജനറേറ്റര്‍ പ്രവര്ത്തിക്കാനാളില്ല. പ്രദേശത്തെ ബിഎസ്എന്‍എല്‍ ഫോണുകള്‍ മിക്കപ്പോഴും തകരാറിലാണ്. ലാൻഡ്ലൈനുകളില്‍ 90 ശതമാനവും ഉപഭോക്താക്കള്‍ ഉപേക്ഷിച്ചതായി അബ്ദുള്‍ മജീദ് പറയുന്നു. മൊബൈല്‍ കണക്ഷനുകള്‍ 4ജി ആക്കണമെന്ന ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്. ആവശ്യങ്ങളുന്നയിച്ച ബാനറുമായി മണിക്കൂറുകളോളം എക്സ്ചേഞ്ച് പരിസരത്ത് മുദ്രാവാക്യം വിളിച്ചാണ് മജീദ് മടങ്ങിയത്. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ക്കും ചീഫ് മാനേജര്‍ക്കും ഓണ്‍ലൈനായി പരാതിയും അയച്ചു.