വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവം
1460431
Friday, October 11, 2024 5:08 AM IST
മഞ്ചേരി: വിദ്യാരംഗം കലാസാഹിത്യവേദി മഞ്ചേരി ഉപജില്ലാ സര്‍ഗോത്സവം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ബീന ആര്. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പത്തപ്പിരിയം ജിയുപി സ്കൂളില്‍ നടന്ന സര്‍ഗോത്സവം 2024 മഞ്ചേരി ഉപജില്ലയിലെ 105 സ്കൂളുകളില്‍ നിന്നുമുള്ള എല്‍പി, യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സര്‍ഗശേഷി മാറ്റുരയ്ക്കുന്ന ചടങ്ങായി മാറി. മഞ്ചേരി എഇഒ എസ്. സുനിത അധ്യക്ഷത വഹിച്ചു.
ബീന. ആര്. ചന്ദ്രനെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുയും സര്‍ഗ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി വിദ്യരംഗം തയാറാക്കുന്ന സുവനീര്‍ "കലിക' യുടെ കവര്‍ പേജ് ബീന ആര്. ചന്ദ്രന്, മഞ്ചേരി എഇഒ എസ്. സുനിതക്ക് നല്കി പ്രകാശനം ചെയ്തു.
റോസ്ന മുഹമ്മദ് രചിച്ച് ദിനേശ് നിലമ്പൂര്‍ സംഗീതം നല്കി പത്തപ്പിരിയം ജിയുപി സ്കൂളിലെ കുട്ടികള്‍ ആലപിച്ച സ്വാഗത ഗാനം കാണികള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് നടന്ന വിവിധ ശില്പശാലകളില് മഞ്ചേരി ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 550 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
അധ്യാപകര്‍ക്കായുള്ള കലാസാഹിത്യ പ്രശ്നോത്തരിയില്‍ എസ്. ബിജി ഒന്നാമതെത്തി. സര്‍ഗോത്സവം സമാപന സമ്മേളനം എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിജു കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് കിഷോര്‍ കുമാര്‍, യു. സതീഷ്, വിദ്യാരംഗം മഞ്ചേരി ഉപജില്ല കോ ഓർഡിനേറ്റര്‍ കെ. ശ്രീജിത്ത്, മഞ്ചേരി ബിപിസി എംപി സുധീര്‍ ബാബു, എച്ച്എഫ് ഫോറം സെക്രട്ടറി ജയദീപ്, അജിത് കൃഷ്ണന്, ടി. മീര, കെ. രഞ്ജു എന്നിവര്‍ സംസാരിച്ചു.