കെ.ടി. ജലീലിന്റെ ഡിഎന്‍എ പരിശോധിക്കണം: യൂത്ത് ലീഗ്
1459802
Tuesday, October 8, 2024 8:36 AM IST
മലപ്പുറം: യജമാന വിധേയത്വം മൂലം നിലപാടും നിലവാരവുമില്ലാതായ കെ.ടി. ജലീല്‍ സ്വര്‍ണം കടത്തലിന് സാമുദായിക നിറം നല്‍കിയത് ഹീനവും പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ്. പരസ്പര വിരുദ്ധവും നിലവാരവുമില്ലാതെ സംസാരിക്കുകയും സമുദായത്തെ വര്‍ഗീയ ചാപ്പ കുത്തുകയും ചെയ്യുന്ന ജലീലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാന കാമ്പയിന്റെ ഭാഗമായി ചേര്‍ന്ന മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് യുവജാഗരണ്‍ സ്പെഷല്‍ സംഗമമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ് ലിം സമുദായത്തിന് എതിരേ അസംബന്ധം പറഞ്ഞ് സംഘപരിവാറിന് ആയുധം നല്കുന്ന സമീപനം ജലീല്‍ തുടരുകയാണ്. മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തോടും സമൂഹത്തില്‍ സ്പര്‍ധ വളത്തുന്ന പരമാര്‍ശം നടത്തിയ കെ.ടി. ജലീല്‍ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മലപ്പുറത്തിന് വര്‍ഗീയ നിറം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനെ തൃപ്തിപ്പെടുത്തുന്ന യജമാന ഭക്തിയാണ് പാര്‍ട്ടിയിലും സമൂഹത്തിലും സ്വീകര്യത നഷ്ടപ്പെട്ട ജലീലിന്റെ ജല്‍പ്പനത്തിന് പിന്നിലെന്ന് വ്യക്തമാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നിരീക്ഷകന് കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. പ്രസിഡന്റ് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശാഫി കാടേങ്ങല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ. സലാം, ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി, എംഎസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂര്‍, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ കെ.പി.സവാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.