നിലമ്പൂര്‍ നഗരവികസനം മന്ദഗതയില്‍; പൊതുമരാമത്തോഫീസ് ഉപരോധിച്ച് സിപിഎം
1459273
Sunday, October 6, 2024 5:17 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരവികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തിയില്‍ മെല്ലെപോക്ക് ആരോപിച്ച് നിലമ്പൂര്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫീസ് ഉപരോധിച്ച് സിപിഎം. അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലെത്തി വിശദീകരണം നല്‍കുംവരെ ഉപരോധം നടത്തുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
സിപിഎം നിലമ്പൂര്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഹരിദാസന് എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് ഉപരോധിച്ചത്. എ. ഇ. മുഹസിന് സ്ഥലത്ത് എത്താതെ ജീവനക്കാരെ ഉള്‍പ്പെടെ പുറത്ത് വിടില്ലെന്ന് സമരക്കാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് നിലമ്പൂര്‍ പോലീസും സ്ഥലത്തെത്തി. നിലമ്പൂര്‍ നഗരവികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് വികസനത്തില്‍ ആദ്യഘട്ടത്തില്‍ ജ്യോതിപ്പടി മുതല്‍ ഫെഡറല്‍ ബാങ്ക് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടത്താനും ഇത് പൂര്‍ത്തിയാക്കിയ ശേഷം ഫെഡറല്‍ ബാങ്ക് മുതല്‍ കീര്‍ത്തിപ്പടി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടത്താനുമായിരുന്നു ധാരണയെന്ന് സമരക്കാര്‍ പറഞ്ഞു.
എന്നാല്‍ മുഴുവന്‍ ഭാഗവും ഒറ്റയടിക്ക് തീര്‍ക്കാനായി റോഡ് പൊളിച്ചതോടെ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സമരക്കാര്‍ പറയുന്നു. ആംബുലന്‍സിന് ഉള്‍പ്പെടെ ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍ വളരെ ബുദ്ധിമുട്ട് നേരിടുകയാണ്. അശാസ്ത്രീയമായ പ്രവൃത്തിക്ക് അനുമതി നല്കിയ എഇ സ്ഥലത്ത് എത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ നാളെ മാത്രമേ എത്താന്‍ കഴിയൂവെന്ന് എഇ അറിയച്ചത് സമരക്കാരെ പ്രകോപിതരാക്കി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വൈദ്യുതി തൂണുകള്‍ മാറ്റുന്ന പ്രവൃത്തിയും കാര്യക്ഷമല്ലെന്ന പരാതി സമരക്കാര്‍ ഉന്നയിച്ചു.
നാലുദിവസം കൊണ്ട് ടൗണിലെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നായിരുന്നു പിഡബ്ല്യുഡി ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസും പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചിരുന്നു.