ടയര്‍ ലോബികള്‍ റബര്‍ വില താഴ്ത്തുന്നതായി ആക്ഷേപം
1459041
Saturday, October 5, 2024 5:31 AM IST
നിലമ്പൂര്‍: ഇറക്കുമതി റബറിന്റെ മറവില്‍ ടയര്‍ ലേബികള് റബര്‍ വില താഴ്ത്തുന്നു. 260 രൂപയില്‍ നിന്ന് റബര്‍ വില 217ലേക്ക് കൂപ്പുകുത്തി. വിലയിടിഞ്ഞിട്ടും റബര്‍ വാങ്ങാന്‍ കഴിയാതെ ചെറുകിട വ്യാപാരികള്‍. കര്‍ഷകര്‍ക്ക് ഒരു കിലോ നാലാംതരം റബറിന് നിലവില്‍ ലഭിക്കുന്നത് 210 രൂപ മാത്രം.
റബര്‍ വിപണിയില്‍ നിന്ന് വന്‍കിട ടയര്‍ കമ്പനികള്‍ വിട്ടുനിന്നാണ് ആസൂത്രിതമായി റബര്‍ വില ഇടിക്കുന്നത്. ചെറുകിട വ്യാപാരികളില്‍ നിന്ന് വാങ്ങുന്നത് നാമമാത്ര റബര്‍ മാത്രമാണ്. സീസണ് ആരംഭിച്ചതോടെയാണ് കര്‍ഷകരില്‍ നിന്ന് വില കുറച്ച് റബര്‍ വാങ്ങുന്നതില്‍ നിന്ന് പ്രധാന ടയര്‍ കമ്പനികള്‍ വിട്ടുനില്‍ക്കുന്നത്.
മലപ്പുറം ജില്ലയിലെ 260 ലധികം ചെറുകിട റബര്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. ടയര്‍ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതിനാല്‍ കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങാനാകാത്ത അവസ്ഥയിലാണ് റബര്‍ വ്യാപാരികളെന്ന് റബര്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.വി. ജോഷി പറഞ്ഞു.
റബര്‍ ഇറക്കുമതിക്ക് നിയന്ത്രണമില്ലാത്തതിനാല്‍ ലോക വിപണിയില്‍ വില താഴുമ്പോള്‍ ടയര്‍ കമ്പനികള്‍ അധികമായി വാങ്ങി സ്റ്റോക്ക് ചെയ്യുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. ചൈന 10 ദിവസമായി ആഘോഷങ്ങളുടെ ഭാഗമായി വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ചൈന തിരികെ വിപണിയില്‍ എത്തിയാല്‍ മാത്രമേ നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളൂ.
ഇറക്കുമതി റബറിന്റെ മറവില്‍ ആഭ്യന്തര റബറിന്റെ വിലയിടിക്കുന്ന വന്‍കിട ടയര്‍ ലോബികളാണ് നിലവിലെ വിലയിടിവിന് ആക്കം കൂട്ടിയിരിക്കുന്നത്. 50,000 ത്തോളം ചെറുകിട റബര്‍ കര്‍ഷകരുള്ള ജില്ലയില്‍ വിലയിടിവ് വലിയ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകും. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് പ്രധാന റബര്‍ സീസണ്.