മാലിന്യമുക്ത നവകേരളം പദ്ധതിക്കൊപ്പം കെഎസ്ടിഎയും
1458594
Thursday, October 3, 2024 4:01 AM IST
പെരിന്തല്‍മണ്ണ: മാലിന്യമുക്ത നവകേരളം പ്രചാരണ കാമ്പയിന്റെ ഭാഗമായി കെഎസ്ടിഎ വിവിധ പരിപാടികള്‍ ഏറ്റെടുക്കും.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30 ന് ശ്യൂന്യമാലിന്യ ദിനത്തില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ നല്‍കിയാണ് വിദ്യാലയങ്ങളും പൊതുയിടങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ടിഎ തുടക്കം കുറിച്ചത്.
കാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ കെഎസ്ടിഎ സംഘടിപ്പിക്കും. വ്യക്തിശുചിത്വം, വിദ്യാലയങ്ങളിലെയും വീടുകളിലെയും ശുചിമുറികള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കല്‍, ലഹരിയുടെ ഉപയോഗം വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍, വിദ്യാലയങ്ങള്‍ ഹരിതവത്ക്കരിക്കല്, വിദ്യാലയങ്ങളും പരിസരങ്ങളും ശുചീകരിക്കല്‍, വിദ്യാലയങ്ങളിലെ മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രചാരണം നടത്തും. സബ്ജില്ലാ തലത്തില്‍ ഒരു കേന്ദ്രത്തിലെങ്കിലും സൗന്ദര്യരാമങ്ങള് തീര്‍ക്കുന്ന പ്രവര്‍ത്തനവും കെഎസ്ടിഎ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
കാമ്പയിന്റെ ഭാഗമായി കെഎസ്ടിഎ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി കെ. ബദറുന്നീസ പെരിന്തല്‍മണ്ണയില്‍ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മനോജ് അധ്യക്ഷയായിരുന്നു.
ജില്ലാ സെക്രട്ടറി ടി. രത്നാകരന്, പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ടി. കുഞ്ഞിമൊയ്തു, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ പി. മനോജ് കുമാര്‍, ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എം.പി. സുനില്‍കുമാര്‍, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ. വിരാപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.