മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരേ യുഡിഎഫ്: മാപ്പ് പറയണമെന്നാവശ്യം
1458261
Wednesday, October 2, 2024 5:08 AM IST
മലപ്പുറം: സ്വര്‍ണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും വിളനിലമായ മലപ്പുറത്തെയും അവിടത്തെ ജനങ്ങളെയും ഭീകരവാദികളും ദേശദ്രോഹികളുമായി ചിത്രീകരിച്ച് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പിണറായി വിജയന് ഇരട്ടചങ്കാണെന്നാണ് സഖാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ഇരട്ടചങ്ക് മാത്രമല്ല ഇരട്ടനാക്കും ഇരട്ടമുഖവുമുള്ളയാളാണ് പിണറായി എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
ലാവ്ലിന് കേസില്‍ നിന്ന് സ്വയം രക്ഷപ്പെടാനും മകളുടെ മുഖം രക്ഷിക്കാനും വേണ്ടി ആര്‍എസ്എസിനെ വെള്ളപൂശാനും അവരെ തൃപ്തിപ്പെടുത്തുവാനും മലപ്പുറത്തിന്റെ മുഖം വികൃതമാക്കാന്‍ സമ്മതിക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. നാളിതുവരെ ആര്‍എസ്എസ് നേതൃത്വം പോലും പറയാത്ത കാര്യങ്ങളാണ് മലപ്പുറത്തെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
ഈ നിലപാട് തുടര്‍ന്നാല്‍ മുഖ്യമന്ത്രി കനത്തവില നല്‍കേണ്ടി വരുമെന്ന് യോഗം ഓര്‍മപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവനക്കെതിരേ എട്ടിന് വൈകുന്നേരം നാലിന് മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
യുഡിഎഫ് യോഗം മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് പി.ടി. അജയ്മോഹന് അധ്യക്ഷത വഹിച്ചു. എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി. എസ്. ജോയ്, മാത്യുവര്ഗീസ്, സലീം , ഇസ്മായില്‍ പി. മൂത്തേടം, കെ. അബ്ദുള്‍നാസര്‍, എ.കെ. അബ്ദുറഹ്മാന്, എ. ജെ. ആന്റണി, കെ.ടി. അഷ്റഫ്, വെട്ടം ആലിക്കോയ,
ബക്കര്‍ ചെര്‍ണ്ണൂര്‍, സി.എച്ച്. ഇഖ്ബാല്‍, റഷീദ് പറമ്പന്‍, പി.കെ.സി. അബ്ദുറഹ്മാന്, പി.എ. സലാം, എ. ആലിക്കുട്ടി, പി.കെ. അസ്ലു, കെ.കെ. അബ്ദുള്ളക്കുട്ടി, വി. മധുസൂദനന്, അസ്. അബ്ദുള്‍സലാം, കല്ലേട്ടില് ഷംസു, എന്‍.പി. ഹംസക്കോയ, കെ. കെ. ആലിപ്പു, എം. മൊയ്തു, ഗഫൂര്‍ കുറുമാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വീനര്‍ അഷ്റഫ് കോക്കൂര്‍ സ്വാഗതവും പി.സി. വേലായുധന്‍കുട്ടി നന്ദിയും പറഞ്ഞു.